എഥനോൾ അടങ്ങിയ ഇന്ധനത്തിന് ഔദ്യോഗികമായി അനുമതി നൽകി കേന്ദ്രസർക്കാർ

nithin

 ഡൽഹി: ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ജൂൺ 12-ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചു. ഇതോടെ എഥനോൾ അധിഷ്ഠിത വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണത്തിനും വിൽപ്പനയ്ക്കും കമ്പനികൾക്ക് നടപടികൾ ആരംഭിക്കാം.

എഥനോൾ ഉപയോഗം വ്യാപകമാക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എഥനോൾ വ്യാപകമാക്കിയാൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കരിമ്പ്, ചോളം, നെല്ല്, മരച്ചീനി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളിൽ നിന്ന് എഥനോൾ നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും സാധിക്കും. എഥനോൾ ഉൽപ്പാദനത്തിനായി എഫ്.സി.ഐ. കിലോഗ്രാമിന് 23.20 രൂപ നിരക്കിലാണ് അരി നൽകുന്നത്.

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇ-85 ഇന്ധനത്തിൽ ഓടുന്ന വാഗൺ ആറിന്റെ പരിഷ്കരിച്ച മോഡൽ മാരുതി സുസുക്കി ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. ഹീറോ മോട്ടോ കോർപ്പ് 100 ശതമാനം എഥനോളിൽ ഓടുന്ന ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കുന്നുണ്ട്. ടൊയോട്ട, ഹ്യുണ്ടായ്, എം.ജി തുടങ്ങിയ കമ്പനികൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇ-100 വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം, ഈ പദ്ധതിക്ക് മുന്നിൽ ചില പ്രധാന വെല്ലുവിളികളും സർക്കാരിനുണ്ട്. എഥനോൾ വിതരണത്തിനായി പ്രത്യേക പമ്പുകളോ ഡിസ്‌പെൻസറികളോ ആവശ്യമായി വരും എന്നതാണ് പ്രധാനപ്പെട്ട ഒന്ന്. കൂടാതെ, നിലവിലെ വാഹനങ്ങളിൽ ഉയർന്ന അളവിലുള്ള എഥനോൾ ഉപയോഗിക്കുന്നതിന് ഫ്യൂവൽ സിസ്റ്റത്തിലും എൻജിൻ നിയന്ത്രണ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ ഊർജ്ജസാന്ദ്രത കുറവായതിനാൽ മൈലേജ് കുറയാനും, ഫ്യൂവൽ പമ്പുകൾക്കും ഇൻജെക്ടറുകൾക്കും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. കൂടാതെ എഥനോൾ ഉൽപ്പാദനത്തിനായി വൻതോതിൽ അരി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ബ്രസീൽ മാതൃകയിൽ ഫ്‌ളെക്‌സ് ഫ്യൂവൽ എൻജിനുകൾ ഇന്ത്യയിലും പ്രാവർത്തികമാക്കുന്നതിലൂടെ അസംസ്‌കൃത എണ്ണയ്ക്കുള്ള ആശ്രയത്വം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Tags