സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും ഇനി ‘നിരോധിത മേഖലകൾ’; ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി

Now anyone can go..! No need for police clearance or sponsor to visit Lakshadweep, administration has implemented online permits

 കവരത്തി: ചില റോഡുകളിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനുപിന്നാലെ പൊതുവിടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഇന്ധന ഡിപ്പോകൾക്കും ചുറ്റും ജില്ല മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര നിരോധനാജ്ഞ പുറപ്പെടുവിച്ചു.

അഞ്ച് പേരോ അതിലധികമോ ആളുകൾ ഒത്തുചേരുന്നതിനും പ്രതിഷേധിക്കുന്നതിനുമാണ് വിലക്ക്. സമീപകാലങ്ങളിൽ വിവിധ വിഷയങ്ങളിൽ ദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ബി.എൻ.എസ് 223ാം വകുപ്പ് പ്രകാരം ആറുമാസം വരെ തടവോ പിഴയോ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് ഉത്തരവിൽ പറയുന്നു.

ദ്വീപുകളിലെ ജെട്ടികൾ, ഹെലിപാഡുകൾ എന്നിവയുടെ 150 മീറ്റർ ചുറ്റളവിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാടില്ല. വൈദ്യുതി ഉൽപാദന സ്റ്റേഷനുകൾ, ഇന്ധന ഡിപ്പോകൾ, ഡീസലൈനേഷൻ പ്ലാന്റുകൾ, ആശുപത്രികൾ, എസ്.ഡി.എം, ബി.ഡി.ഒ ഓഫിസുകൾ, ജില്ല കലക്ടറേറ്റ്, കവരത്തി സെക്രട്ടേറിയറ്റ് എന്നിവയാണ് പ്രതിഷേധങ്ങൾ വിലക്കിയ മറ്റു കേന്ദ്രങ്ങൾ.

നിയന്ത്രണങ്ങൾ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്നതാണെന്ന് വ്യാപക വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, പൊതുസുരക്ഷയും അവശ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനവും ഉറപ്പാക്കാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ജനങ്ങൾക്ക് പ്രതിഷേധിക്കാനായി ഓരോ ദ്വീപിലും പ്രത്യേക പ്രതിഷേധ വേദികൾ തയാറാക്കുമെന്ന് ദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ, കവരത്തിയിലെ വൈ ജങ്ഷൻ മുതൽ ഹെലിപാഡ് വരെയുള്ള ഭാഗത്തും പടിഞ്ഞാറൻ ജെട്ടി ഭാഗത്തെ ബീച്ച് റോഡിലും വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെ ഗതാഗതം നിരോധിച്ച ജില്ല കലക്ടറുടെ ഉത്തരവിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. കാൽനടക്കാരുടെ സുരക്ഷക്കെന്നപേരിലാണ് അന്ന് വാഹനഗതാഗതം നിരോധിച്ചത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനനിയന്ത്രണം വേണമെന്ന റോഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറുടെ ആവശ്യം ചൂണ്ടിക്കാട്ടി‍യായിരുന്നു കലക്ടറുടെ നടപടി.

Tags