വിവാഹമണ്ഡപത്തിൽ നിന്ന് ഗുണ്ടാത്തലവൻ അറസ്റ്റിൽ; വരനെ വിട്ടയക്കണമെന്ന് വധുവിന്റെ അപേക്ഷ

On the wedding day in Parappanangadi, a woman left her husband in the middle of the road and went with her lover;

ഭോപ്പാൽ: വിവാഹത്തിന് തൊട്ടുമുൻപ് കുപ്രസിദ്ധ ഗുണ്ടാത്തലവനെ  മണ്ഡപത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായ ആകാശ് നീൽകാന്ത് എന്ന ഭൂറയെയാണ് പോലീസ് വിവാഹദിവസം അറസ്റ്റ്‌ചെയ്തത്.

അതേസമയം, വിവാഹത്തിന് തൊട്ടുമുൻപ് ആകാശ് പിടിയിലായതോടെ ഇയാളെ വിട്ടയക്കാൻ ആവശ്യപ്പെട്ട് വധുവും പോലീസ് സ്‌റ്റേഷനിലെത്തി. വധുവായ സീമ, പോലീസുകാരോട് കണ്ണീരോടെ അഭ്യർഥിച്ചെങ്കിലും പോലീസ് പ്രതിയെ വിട്ടയക്കാൻ തയ്യാറായില്ല. ഇതോടെ വിവാഹച്ചടങ്ങുകളും മുടങ്ങി.

ബുധനാഴ്ച വൈകീട്ടായിരുന്നു ആകാശിന്റെയും സീമയുടെയും വിവാഹം. വിവാഹമണ്ഡപത്തിൽ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് പോലീസ് ആകാശിനെ തിരഞ്ഞെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസെത്തി വരനെ പിടികൂടുന്നത് കണ്ട് വധുവും ബന്ധുക്കളും മറ്റു അതിഥികളും അമ്പരന്നു. തുടർന്ന് പോലീസ് ഇവരോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് വരന്റെ 'ക്രിമിനൽ പശ്ചാത്തലം' വധു ഉൾപ്പെടെയുള്ളവർ അറിഞ്ഞത്.

ആകാശിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെ വധു സീമയും സ്‌റ്റേഷനിലെത്തി. വരന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് യുവതി പോലീസുകാരോട് പറഞ്ഞത്. വെറും രണ്ടുമണിക്കൂർ സമയത്തേക്ക്, വിവാഹച്ചടങ്ങ് പൂർത്തിയാക്കാൻ വരനെ വിട്ടയക്കാമോ എന്നും യുവതി പോലീസിനോട് അഭ്യർഥിച്ചു.

'സാറെ, എന്റെ ജീവിതം തകരും. ഞാൻ എന്തുതെറ്റ്‌ചെയ്തിട്ടാണ്. അവൻ ചെയ്ത കുറ്റകൃത്യങ്ങൾ എനിക്കറിയില്ല. വിവാഹവേദിയിൽ അതിഥികൾ കാത്തിരിക്കുകയാണ്. ഹൽദിയും മറ്റു ചടങ്ങുകളും കഴിഞ്ഞു'', കണ്ണീരോടെ യുവതി പോലീസിനോട് പറഞ്ഞു. രണ്ടു മണിക്കൂർ നേരത്തേക്ക് വിട്ടയക്കാൻ കഴിയില്ലെങ്കിൽ പോലീസ് കസ്റ്റഡിയിൽ വിവാഹം നടത്തണമെന്നും യുവതി അഭ്യർഥിച്ചു. എന്നാൽ, പോലീസ് ഇതിന് വിസമ്മതിച്ചു. തുടർന്ന് ആകാശിനെയും ഒപ്പം പിടികൂടിയ അഞ്ച് കൂട്ടാളികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags