സ്വര്‍ണ്ണക്കടത്ത് ; രന്യ റാവുവിനെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ബെംഗളൂരു കോടതി


ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന നടി രന്യ റാവുവിനെതിരെ അപകീർത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി ബെംഗളൂരു കോടതി. അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് 35 മാധ്യമങ്ങളെ വിലക്കിയാണ് കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട മാധ്യമ കവറേജ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ന്യായമായ വിചാരണക്കുള്ള നടിയുടെ അവകാശത്തെ ലംഘിക്കുന്നുവെന്ന ആശങ്ക ഉയർത്തി പിതാവ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. മാധ്യമ റിപ്പോർട്ടുകൾ തന്റെ മകൾക്കെതിരെ തെറ്റായ ധാരണ സൃഷ്ടിക്കുന്നുവെന്ന് നടിയുടെ പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടി.
"ന്യായമായ പത്രപ്രവർത്തനത്തിന്റെ മറവിൽ, ചില മാധ്യമ സ്ഥാപനങ്ങൾ അവരുടെ ടി.ആർ.പി വർധിപ്പിക്കുന്നതിനായി അവഹേളനപരവും അപകീർത്തികരവുമായ വാർത്തകൾ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അതുവഴി മാധ്യമ വിചാരണ നടത്തുകയും ന്യായമായ വിചാരണക്കുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നു" -എന്ന് ഹരജിയിൽ പറയുന്നു.

മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, റിപ്പോർട്ടുകൾ ധാർമിക അതിരുകൾ ലംഘിച്ചുവെന്ന് കോടതി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ, അതിശയോക്തി കലർന്ന വിവരണങ്ങൾ, ഊഹാപോഹ റിപ്പോർട്ടുകൾ എന്നിവ മാധ്യമ വിചാരണ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജൂൺ രണ്ടിന് അടുത്ത വാദം കേൾക്കുന്നതുവരെ, കേസിൽ പരാമർശിച്ചിരിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും നടിയെക്കുറിച്ചുള്ള അപകീർത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിർത്തണമെന്ന് കോടതി വിധിച്ചു.