തമിഴ്നാട്ടിൽ വിവാഹിതരാകാൻ ഒരുങ്ങുന്ന ​യുവതികൾക്ക് ഒരു പവൻ സ്വർണനാണയവും പട്ടുസാരിയും ; വിജയ്‌യുടെ ‘അണ്ണൻ സീർ’ പദ്ധതിക്ക് 812 കോടി

A gold coin (one sovereign) and a silk saree for young women in Tamil Nadu preparing for marriage; ₹812 crore allocated for Vijay’s ‘Annan Seer’ scheme.

 ചെന്നൈ: തമിഴ്നാട്ടിൽ വിവാഹിതരാകാൻ ഒരുങ്ങുന്ന ​യുവതികൾക്ക് വിവാഹസമ്മാനമായി എട്ട് ഗ്രാം സ്വർണനാണയവും പട്ടുസാരിയും നൽകുന്ന ‘അണ്ണൻ സീർ’ പദ്ധതി നടപ്പാക്കാൻ തീരുമാനം. ഇതിനായി മുഖ്യമ​ന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ആദ്യഘട്ടമായി 2026-27 സാമ്പത്തിക വർഷത്തിൽ 812 കോടി രൂപ അനുവദിച്ചു. ഒക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരമാണ് പദ്ധതി നിലവിൽ വന്നത്.

തമിഴ്നാട്ടിലെ ‘സീർ’ എന്ന വിവാഹസമ്മാന പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി. വിവാഹിതരാകുന്ന സ്ത്രീകൾക്ക് മുതിർന്ന സഹോദരൻ നൽകുന്ന സ്നേഹസമ്മാനം എന്ന ആശയത്തിലാണ് ‘അണ്ണൻ സീർ’ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വിവാഹം തമിഴ്നാട്ടിൽ തന്നെ നടക്കുകയും വേണം.

തമിഴ്നാട്ടിൽ പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം വിവാഹങ്ങൾ നടക്കുന്നതായാണ് സർക്കാർ കണക്ക്. പദ്ധതിയുടെ ഭാഗമായി ഓരോ വധുവിനും 22 കാരറ്റുള്ള എട്ട് ഗ്രാം സ്വർണനാണയവും ഒരു പട്ടുസാരിയും നൽകും. സ്വർണനാണയവും പട്ടുസാരിയും സർക്കാർ ടെൻഡർ നടപടികളിലൂടെയാണ് വാങ്ങുക. സ്വർണത്തിന്റെ വാങ്ങൽ വില നിശ്ചയിക്കുന്നത് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന നിരക്ക് അടിസ്ഥാനമാക്കിയായിരിക്കും. വാങ്ങൽ ഓർഡർ നൽകുന്നതിന് മുൻദിവസം രാവിലെ ഒമ്പത് മണിക്ക് നിലവിലുള്ള നിരക്കാണ് ഇതിന് അടിസ്ഥാനമാക്കുക.

സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച ഒക്ടോബർ അഞ്ച് മുതൽ തമിഴ്നാട്ടിൽ നടക്കുന്ന വിവാഹങ്ങൾക്കാണ് പദ്ധതി ബാധകമാകുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. എന്നാൽ അപേക്ഷിക്കേണ്ട വെബ്സൈറ്റ്, ആവശ്യമായ രേഖകൾ, അപേക്ഷയുടെ അവസാന തീയതി തുടങ്ങിയ വിശദാംശങ്ങൾ പ്രത്യേക മാർഗനിർദേശങ്ങളിലൂടെ പിന്നീട് വ്യക്തമാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Tags