അവകാശികളില്ല...! അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടോയ്‌ലറ്റ് സ്പീക്കറിൽ 4.26 കോടിയുടെ സ്വർണം
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്തിലെ എഞ്ചിനീയർമാരുടെ പ്രത്യേക സഹായത്തോടെ സ്പീക്കർ ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പാക്കറ്റുകൾ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 4.26 കോടി രൂപ വിലമതിക്കുന്ന, 2.8 കിലോഗ്രാം (2799.3 ഗ്രാം) തൂക്കം വരുന്ന 24 വിദേശ നിർമ്മിത 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
വിമാനത്തിനുള്ളിൽ ഇത്രയും വലിയ തുകയുടെ സ്വർണം കണ്ടെത്തിയിട്ടും യാത്രക്കാരോ വിമാനത്തിലെ ജീവനക്കാരോ ഇതിന്റെ അവകാശവാദവുമായി മുന്നോട്ടുവന്നിട്ടില്ല. ആരും അവകാശപ്പെടാൻ ഇല്ലാത്ത സാഹചര്യത്തിൽ നിലവിലെ കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്ത സ്വർണം ‘അവകാശികളില്ലാത്ത തൊണ്ടിമുതലായി’ കസ്റ്റംസ് രേഖപ്പെടുത്തി. വിമാനത്തിൽ സ്വർണം ഒളിപ്പിച്ച കടത്തുകാരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘത്തെയും കണ്ടെത്താനായി കസ്റ്റംസ് അതോറിറ്റി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
.jpg)

