അംഗന്‍വാടിക്ക് പുറത്ത് പൊരിവെയിലില്‍ കുട്ടികള്‍ക്കൊപ്പം പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന ആടുകള്‍ ; വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേണം
പ്രാഥമിക അന്വേഷണത്തില്‍, ഉച്ചഭക്ഷണം വിളമ്പുന്ന സമയത്ത് അംഗന്‍വാടി സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, വര്‍ക്കര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി
മധ്യപ്രദേശിലെ കട്നി ജില്ലയിലെ അംഗന്‍വാടി കേന്ദ്രത്തിന് പുറത്ത് കുട്ടികള്‍ക്കൊപ്പം സ്റ്റീല്‍ പ്ലേറ്റുകളില്‍ നിന്ന് ആടുകള്‍ ഉച്ചഭക്ഷണം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. നിരനിരയായി ഇരിക്കുന്ന കുട്ടികള്‍ക്കൊപ്പം പ്ലേറ്റില്‍ വിളമ്പിയ ഭക്ഷണം ആടുകള്‍ കഴിക്കുന്ന വീഡിയോയാണ് പുറത്തായത്.
ആദിവാസി ഭൂരിപക്ഷമുള്ള ധീമര്‍ഖേദ ബ്ലോക്കിലെ കോത്തി ഗ്രാമത്തിലെ സെഹ്റ മൊഹല്ലയിലാണ് സംഭവം. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാലാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വീഡിയോകള്‍ പുറത്തുവന്ന ഉടന്‍ തന്നെ ഉദ്യോഗസ്ഥ സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായി കട്‌നി ജില്ലാ കളക്ടര്‍ ആശിഷ് തിവാരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ സ്വകാര്യ വാടക കെട്ടിടത്തിലാണ് അംഗന്‍വാടി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മറ്റൊരു സ്ഥലത്ത് സ്ഥിരം കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍, ഉച്ചഭക്ഷണം വിളമ്പുന്ന സമയത്ത് അംഗന്‍വാടി സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, വര്‍ക്കര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായി തിവാരി പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, അംഗന്‍വാടി സൂപ്പര്‍വൈസറുടെ ശമ്പള വര്‍ധനവ് തടഞ്ഞുവച്ചിട്ടുണ്ട്. കൂടാതെ സഹായിക്കും അംഗന്‍വാടി വര്‍ക്കര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.jpg)


