പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് അവരുടെ തലയിലാണ്, ചിന്തകളിലല്ല; മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉവൈസി

Pakistan should be taught a lesson to prevent a repeat of Pahalgam, terror camps should be completely destroyed, welcomes Indian Army's attack: Asaduddin Owaisi

കോടതി വിധി ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്നു പറഞ്ഞ ഉവൈസി, ഇസ്ലാമില്‍ ഏതാണ് ആവശ്യമായ ആചാരം, ഏതാണ് അല്ലാത്തത് എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും പറഞ്ഞു.

ഹിജാബ് ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി യൂണിഫോമിനൊപ്പം ധരിക്കാന്‍ ആകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ എഐഎംഐഎം മോധവിഅസറുദ്ദീന്‍ ഉവൈസി. കോടതി വിധി ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്നു പറഞ്ഞ ഉവൈസി, ഇസ്ലാമില്‍ ഏതാണ് ആവശ്യമായ ആചാരം, ഏതാണ് അല്ലാത്തത് എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും പറഞ്ഞു. 'ഇത് ഞങ്ങളുടെ മതമാണ്, ഇതില്‍ ഏതാണ് ആവശ്യമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അത് തീരുമാനിക്കാന്‍ ജഡ്ജിമാര്‍ ആരാണ്? ഇത് ഞങ്ങളുടെ മതത്തിനു നേരെയുള്ള ആക്രമണമാണ്' ഉവൈസി വ്യക്തമാക്കി.

സ്‌കൂളില്‍ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ പരാമര്‍ശം. ശിരോവസ്ത്രം ഇസ്ലാമില്‍ നിര്‍ബന്ധിത മതാചാരമല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പ്രയാഗ്രാജിലെ സ്വകാര്യസ്‌കൂളിന്റെ യൂണിഫോം നയം അംഗീകരിച്ചാണു ജസ്റ്റിസ്റ്റുമാരായ ജെ ജെ മുനീര്‍, ഇന്ദ്രജിത്ത് ശുക്ല എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ഒരു വിദ്യാഭ്യാസ സ്ഥാപനം നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡ്രസ് കോഡ് (യൂണിഫോം) വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ചു മാറ്റാന്‍ ഒരു വിദ്യാര്‍ഥിക്കും അവകാശമില്ലെന്നു കോടതി വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ ഹര്‍ജിക്കെതിരെ യുപി സര്‍ക്കാരും സിബിഎസ്ഇയും കക്ഷി ചേര്‍ന്നിരുന്നു.

ശബരിമലയിലെ മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ശബരിമല വിഷയം സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുമ്പോള്‍ അലഹബാദിലെ ജഡ്ജിമാര്‍ ഇങ്ങനെ ഒരു കാര്യത്തില്‍ വിധി പറയരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അലഹാബാദ് ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ 19, 25 അനുച്ഛേദങ്ങള്‍ക്കു വിരുദ്ധമാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ''ആ പെണ്‍കുട്ടി ഹിജാബ് ധരിക്കുന്നത് അവളുടെ തലയിലാണ്, ചിന്തകളിലല്ല. ഈ വിധി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തും. ഉത്തര്‍പ്രദേശില്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികളുടെ പ്രവേശനം ഏറ്റവും കുറവാണ്. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് അവര്‍ ആഗ്രഹിക്കുന്നത്.'' ഉവൈസി കൂട്ടിച്ചേര്‍ത്തു.

Tags