കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; ബെംഗളൂരുവിൽ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിൽ ഏഴ് വർഷം നീണ്ട പ്രണയബന്ധം തകർന്നതിനെത്തുടർന്ന് യെലഹങ്ക സ്വദേശി അഭിഷേക് (24) ജീവനൊടുക്കി. പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതും ഇതിനുപിന്നാലെ കാമുകി പ്രണയത്തിൽ നിന്ന് പിന്മാറിയതുമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ ഏപ്രിൽ 9-നാണ് ദാരുണമായ ഈ സംഭവം നടന്നത്.
വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് കാമുകി ബന്ധം അവസാനിപ്പിച്ചതിൽ അഭിഷേക് കടുത്ത മാനസിക വിഷമത്തിലായിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് യുവാവ് പെൺകുട്ടിയെ വീഡിയോ കോളിൽ വിളിക്കുകയും താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ വാട്സാപ്പ് വഴി സന്ദേശവും അയച്ചിരുന്നു. പെൺകുട്ടിയുമായി താൻ ആഴത്തിലുള്ള പ്രണയത്തിലായിരുന്നുവെന്നും വേർപിരിയൽ താങ്ങാനാവുന്നില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വിവാഹാലോചനയുമായി മുന്നോട്ട് പോയെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെങ്കിലും ബന്ധം തുടരാൻ അഭിഷേക് ശ്രമിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അഭിഷേകിനെ പോലീസ് താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

