അണ്ണാ ഡി.എം.കെയിൽ നിന്ന് രാജിവെച്ച് നടി ഗൗതമി

gautami

 അണ്ണാ ഡി.എം.കെയിൽ നിന്ന് നടി ഗൗതമി രാജിവെച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് ഗൗതമി ഒഴിഞ്ഞത്. ഇതുസംബന്ധിച്ച രാജിക്കത്ത് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഗൗതമി വ്യക്തമാക്കി.

തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗൗതമി രാജിക്കത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും, ഇനിയുള്ള സമയം പൂർണ്ണമായും ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കുമെന്നും അവർ അറിയിച്ചു. ഒപ്പം, തനിക്ക് എല്ലാവിധ പിന്തുണയും നൽകിയ മുൻ മന്ത്രിമാർക്കും മറ്റ് പാർട്ടി ഭാരവാഹികൾക്കും ഗൗതമി നന്ദി രേഖപ്പെടുത്തി.

അണ്ണാ ഡി.എം.കെയിൽ നിന്ന് മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും അടക്കം കൂട്ടത്തോടെ രാജിവെക്കുന്ന പശ്ചാത്തലത്തിലാണ് ഗൗതമിയുടെയും അപ്രതീക്ഷിത തീരുമാനം. കാൽനൂറ്റാണ്ടോളം നീണ്ട ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് 2024 ഫെബ്രുവരിയിലാണ് ഗൗതമി അണ്ണാ ഡി.എം.കെയിൽ ചേർന്നത്. സ്വത്തുതട്ടിപ്പ് കേസിൽ പ്രതിയായ അഴകപ്പനെ ബി.ജെ.പി നേതാക്കൾ പിന്തുണച്ചു എന്നാരോപിച്ച് കടുത്ത പ്രതിഷേധത്തോടെയായിരുന്നു അന്ന് ബി.ജെ.പി വിട്ടത്. അണ്ണാ ഡി.എം.കെയിൽ ചേർന്ന ഉടൻ തന്നെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അവർക്ക് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags