പാൻ കാർഡും വോട്ടർ ഐഡിയും മാത്രം ഉപയോഗിച്ച് ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

Gauhati High Court says Indian citizenship cannot be proven using PAN card and voter ID alone

ഗുവാഹത്തി: പാൻ കാർഡും വോട്ടർ ഐഡിയും മാത്രം ഉപയോഗിച്ച് ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി വ്യക്തമാക്കി. ഔദ്യോഗിക അന്വേഷണങ്ങളോ പരിശോധനകളോ ഇല്ലാതെ നൽകുന്ന ഇത്തരം തിരിച്ചറിയൽ രേഖകൾ പൗരത്വത്തിന്റെ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് കല്യാൺ റായ് സുരാണ, ജസ്റ്റിസ് സുസ്മിത ഫുകൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

1971 മാർച്ച് 25-ന് ശേഷം ഇന്ത്യയിൽ പ്രവേശിച്ച വിദേശിയാണെന്ന് വിധിച്ച ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഗുൽച്ചൻ ബീഗം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. പിതാവിന്റെയും മുത്തശ്ശന്റെയും അസമിലെ തുടർച്ചയായ താമസമോ അവരുമായുള്ള ബന്ധമോ വിശ്വസനീയമായ രേഖകളിലൂടെ സ്ഥാപിക്കുന്നതിൽ ഹർജുകാരി പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളുടെ പേരുകളുള്ള പഴയ വോട്ടർ പട്ടികകൾ, പിതാവിന്റെ പാൻ കാർഡ്, സ്വന്തം വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയായിരുന്നു ഹർജുകാരി പ്രധാനമായും ഹാജരാക്കിയിരുന്നത്. എന്നാൽ ഇവയെല്ലാം പിന്താങ്ങുന്ന അടിസ്ഥാന രേഖകൾ ഇല്ലാത്തതിനാൽ കോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.

Tags