ഗണേശ ചതുർത്ഥി:നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കകരിച്ച് ക്ഷേത്രം; നബിദിനാഘോഷങ്ങൾ മാറ്റിവെച്ച് മുസ്​ലിം​ വിഭാഗം

google news
Shri Satya Ganapathi Kshetra

ബംഗളൂരു: ഗണേഷ ചതുർത്ഥിയോട് അനുബന്ധിച്ച് മൂന്ന് കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബംഗളൂരുവിലെ ജെ.പി നഗറിലുള്ള ശ്രീ സത്യ ഗണപതി ക്ഷേത്രം. വ്യത്യസ്തമായ അലങ്കാര രീതികൾകൊണ്ട്  സ്ഥിരമായി ശ്രദ്ധാകേന്ദ്രമാകുന്ന ക്ഷേത്രം കൂടിയാണിത്.

പത്ത്, ഇരുപത്, അമ്പത്, അഞ്ഞൂറ് രൂപ തുടങ്ങിയ നോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. 2.18 കോടി രൂപയോളം നോട്ടുകളും 70ലക്ഷം നാണയങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരുമാസം കൊണ്ടാണ് ക്ഷേത്രത്തിന്‍റെ അലങ്കാരങ്ങൾ പൂർത്തിയാക്കിയത്.150 പേരുടെ സഹായത്തോടെയാണ് ഇത് പൂർത്തിയാക്കിയത്. പണം സംരക്ഷിക്കാൻ സി.സി.ടി.വി കാമറകളും സ്ഥാപിച്ചിരുന്നു.

തലസ്ഥാനത്ത് ആഘോഷങ്ങൾ സുഗമമാക്കാൻ 418 മൊബൈൽ ടാങ്കറുകൾ ബി.ബി.എം.പി (ബൃഹത് ബംഗളൂരു മഹാനഗര പാലികെ) സ്ഥാപിച്ചിട്ടുണ്ട്. ഗണേശ് ചതുർത്ഥി ആഘോഷങ്ങൾ നടക്കുന്ന ദിവസം നഗരത്തിൽ കശാപ്പുശാലകൾക്കും ഇറച്ചി വിൽപനക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ ജനങ്ങളിൽ നിന്ന് നിർബന്ധിച്ച് പണപ്പിരിവ് നടത്തരുതെന്നും പൊതു നിർദേശമുണ്ട്.

പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ട് നിർമിച്ച ബിംബങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതോടെ കളിമൺ വിഗ്രഹങ്ങൾക്ക് ഇക്കുറി വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. മാണ്ഡ്യയിൽ ശർക്കര കൊണ്ട് നിർമിച്ച ഗണേശ വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. 0.5 അടി മുതൽ 2 അടി വരെയുള്ള വിഗ്രഹങ്ങൾക്ക് അഞ്ഞൂറ് മുതൽ രണ്ടായിരം രൂപ വരെയാണ് ഈടാക്കുന്നത്.

അതേസമയം ബേലഗാവിൽ ഗണേശ ചതുർത്ഥി ഘോഷയാത്ര കടന്നുപോകേണ്ടതിനാൽ മുസ്​ലിം​ വിഭാഗം ഈദ് മിലാദ് ആഘോഷങ്ങൾ മാറ്റിവെച്ചിരുന്നു. ആഘോഷ ദിവസങ്ങളിൽ ഹലാൽ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നാണ് ഹിന്ദുജനജാഗ്രതി സമിതിയുടെ നിർദേശം. വീടുകൾ തോറും കയറിയിറങ്ങിയും ലഘുലേഖകൾ കൈമാറിയുമാണ് സമിതിയുടെ കാമ്പയിൻ.


 

Tags