ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ; ബിജെപി ഭീഷണിയെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് കോണ്‍ഗ്രസ്

Congress

സ്ഥാനാര്‍ത്ഥികളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നു ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ നാടകീയ നീക്കം.

ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്ന് കടുത്ത ഭീഷണിയും സമ്മര്‍ദ്ദവും നേരിടുന്നുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിപ്പിക്കാന്‍ ബി.ജെ.പി നേതാക്കളും സര്‍ക്കാരും ശ്രമിക്കുന്നുവെന്നും സ്ഥാനാര്‍ത്ഥികളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ നാടകീയ നീക്കം.

തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ സുരക്ഷിത താവളത്തിലേക്ക് മാറ്റിയത്. ബി.ജെ.പിയും പോലീസും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വീടുകളില്‍ എത്തി പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (ആപ്പ്) കുറ്റപ്പെടുത്തി. സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ബി.ജെ.പി രംഗത്തെത്തി. തോല്‍വി ഉറപ്പായതോടെയാണ് കോണ്‍ഗ്രസ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, സ്വന്തം സ്ഥാനാര്‍ത്ഥികളില്‍ പാര്‍ട്ടി നേതൃത്വത്തിന് വിശ്വാസമില്ലാത്തതുകൊണ്ടാണ് അവരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ബി.ജെ.പി വക്താക്കള്‍ തിരിച്ചടിച്ചു. ഒക്ടോബര്‍ 11-നാണ് ഗാന്ധിനഗര്‍ നഗരസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്.

Tags