ജി20 ഉച്ചകോടി : ലോകനേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു

ന്യൂഡൽഹി : ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുൾപ്പടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചത്.
ജി20 ഉച്ചകോടി രണ്ടാം ദിവസവും തുടരുകയാണ്. രാജ്ഘട്ടിൽ നിന്നും മടങ്ങുന്ന നേതാക്കൾ 10:15ഓടെ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരതമണ്ഡപത്തിലെത്തും. അതിന് ശേഷം ഭാരത മണ്ഡപത്തിന്റെ സൗത്ത് പ്ലാസയിൽ വൃക്ഷതൈ നടുന്ന ചടങ്ങുണ്ടാവും. ഇന്നത്തെ ആദ്യ സെഷൻ 10:30നാവും ആരംഭിക്കുക. 'വൺ ഫ്യൂച്ചർ' എന്ന് പേരിട്ടിരിക്കുന്ന സെഷനാവും ഇന്ന് നടക്കുക.
കാലാവസ്ഥാമാറ്റം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്റ്റോ കറൻസിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കൽ, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയിൽ ക്രിയാത്മക ചർച്ചകൾ നടന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും അഭാവം ശോഭകെടുത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോകനേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയെ ഫലപ്രാപ്തിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ.