ഇന്ധന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ; രാജ്യത്ത് ഡീസൽ വിതരണത്തിൽ കടുത്ത കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ
ഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി ഡീസൽ വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ചില്ലറ വിൽപന നടത്തുന്ന പെട്രോൾ പമ്പുകളിൽ നിന്ന് ഒരു വ്യക്തിക്കോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ ഇനി അനുവദിക്കൂ. വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ സാധാരണ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് അടിയന്തരമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. താൽക്കാലികമായി 90 ദിവസത്തേക്കാണ് ഈ ക്രമീകരണമെങ്കിലും, സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കാലാവധി നീട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചില്ലറ വിൽപന നിരക്കും മൊത്തവ്യാപാര നിരക്കും തമ്മിലുള്ള വൻ വിലവ്യത്യാസമാണ് വൻകിടക്കാരെ സാധാരണ പമ്പുകളിലേക്ക് ആകർഷിച്ചത്. ഡൽഹിയിൽ പെട്രോൾ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 95.20 രൂപയുള്ളപ്പോൾ, വൻകിടക്കാർക്കുള്ള മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ലിറ്ററിന് ഏകദേശം 40 രൂപയോളമുള്ള ഈ വ്യത്യാസം മുതലെടുത്ത് ടെലികോം ടവറുകൾ, ജനറേറ്ററുകൾ, വൻകിട നിർമാണ കമ്പനികൾ തുടങ്ങിയവ മൊത്തവ്യാപാര കേന്ദ്രങ്ങളെ ഒഴിവാക്കി സാധാരണ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു. ഇത് പൊതുജനങ്ങൾക്ക് പമ്പുകളിൽ നിന്നുള്ള ഇന്ധന ലഭ്യതയെ ദോഷകരമായി ബാധിക്കുകയും പ്രാദേശികമായി ഡീസൽ ക്ഷാമത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.
.jpg)

