സൗജന്യ സീറ്റ് തിരഞ്ഞെടുപ്പ് നിർദേശം: എതിർപ്പുമായി എയർലൈൻ കമ്പനികൾ

flight

ന്യൂഡൽഹി: വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളിലും യാത്രക്കാർക്ക് സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാൻ അനുമതി നൽകണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ പ്രമുഖ വിമാനക്കമ്പനികൾ രംഗത്ത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള എയർലൈനുകളാണ് ഈ നീക്കത്തെ ഔദ്യോഗികമായി എതിർത്തത്.

നിലവിൽ വിമാനക്കമ്പനികൾ 'സീറ്റ് സെലക്ഷൻ' വഴി വലിയ തോതിൽ അധിക വരുമാനം കണ്ടെത്തുന്നുണ്ട്. എന്നാൽ പുതിയ നിർദ്ദേശം നടപ്പിലാക്കിയാൽ ഈ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നും ഇത് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും കമ്പനികൾ വാദിക്കുന്നു.

വിമാനയാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. സീറ്റ് സെലക്ഷൻ ഫീസ് ഒഴിവാക്കുന്നത് കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. വരുമാന നഷ്ടം നികത്താൻ അടിസ്ഥാന ടിക്കറ്റ് നിരക്കുകൾ ഉയർത്തേണ്ടി വരും.

അന്താരാഷ്ട്ര തലത്തിലുള്ള പല വിമാനക്കമ്പനികളും ഇത്തരം ഫീസുകൾ ഈടാക്കുന്നുണ്ടെന്നും ഇന്ത്യയിൽ മാത്രം ഇത് നിരോധിക്കുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, യാത്രക്കാരുടെ ഭാഗത്തുനിന്ന് ഈ നീക്കത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Tags