രാജ്യതലസ്ഥാനത്തെ വിദ്യാർഥി സമരങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും : ഫ്രറ്റേണിറ്റി മൂവ്മെൻറ്

Fraternity

 കോഴിക്കോട്: രാജ്യതലസ്ഥാനത്തെ വിദ്യാർഥി സമരങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്തെറിയുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയും വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉന്നയിച്ചും സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തുകയാണുണ്ടായത്.

പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർഥി നേതാക്കളെ പൊലീസ് മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എഴുപതോളം വിദ്യാർഥികളെ കസ്റ്റഡിയിലും എടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അൽഫൗസ്, ദൽഹി യൂനിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റബീഹ് എന്നിവരുൾപ്പെടെയുള്ള വിദ്യാർഥി നേതാക്കൾക്കും പ്രതിഷേധക്കാർക്കും നേരെയും ഡൽഹി പൊലീസ് ലാത്തി വീശുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏറെ വൈകിയാണ് ഇവരെ വിട്ടയച്ചതും.

ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ചിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് റമീസ് ഇ.കെക്ക് നേരെയും പൊലീസ് കൈയേറ്റമുണ്ടായി. 'വിദ്യാർഥി സമരങ്ങളെ ഫാസിസത്തിന്റെ മർദക ഉപകരണങ്ങൾ കൊണ്ട് തടഞ്ഞുനിർത്താമെന്നത് വ്യാമോഹമാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും കേന്ദ്രസർക്കാറിന്റെ നയങ്ങളും ചൂണ്ടിക്കാട്ടി ജനാധിപത്യപരമായി നടക്കുന്ന വിദ്യാർഥി സമരങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനാവില്ലെന്നും വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പ്രക്ഷോഭം തുടരും'- നഈം ഗഫൂർ പറഞ്ഞു.

വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെയുള്ള ഡൽഹിയിലെ പൊലീസ് ഭീകരക്കെതിരെ പ്രതിഷേധിച്ചും വിദ്യാർഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളത്തിൽ ജൂലൈ 21, 22 തിയതികളിൽ ജില്ല - ക്യാമ്പസ് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ലോക് ഭവൻ മാർച്ച് നടത്തും. മറ്റ് ജില്ലകളിൽ സ്‌ട്രീറ്റ് നൈറ്റ് വിജിലുകൾ, കാസസുകളിൽ പ്രതീകാത്മക 'ജന്ദർ മന്ദറുകൾ' എന്നിവയും സംഘടിപ്പിക്കും. സംഘ്പരിവാർ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഹിന്ദുത്വവത്ക്കരണത്തിനും ഭാവിപോലും തകർക്കുംവിധമുള്ള വിദ്യാർഥികളോടുള്ള നീതിനിഷേധങ്ങൾക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് തെരുവുകൾ നിറച്ച് പോരാട്ടങ്ങൾ നടത്തുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു. 

Tags