അഖിലേഷ് യാദവിന്റെ പദയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ പതിനാലുകാരന്‍ മരിച്ചെന്ന ആരോപണം ; അപകടത്തിന് റാലിയുമായി ബന്ധമില്ലെന്ന് അഖിലേഷ്

dead

അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ റാലിയില്‍ പൂക്കള്‍ വിതറാന്‍ ഉപയോഗിച്ച ബുള്‍ഡോസര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ആരോപണം

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ അഖിലേഷ് യാദവിന്റെ പദയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ പതിനാലുകാരന്‍ മരിച്ചതായി ആരോപണം. അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ റാലിയില്‍ പൂക്കള്‍ വിതറാന്‍ ഉപയോഗിച്ച ബുള്‍ഡോസര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാവിന്റെ മകന്‍ ആര്യവര്‍ധന്‍ സിങ്ങിനാണ് ജീവന്‍ നഷ്ടമായത്. സഹോദരിയെ കൂട്ടാന്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുടുംബവും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് ആരോപിച്ച് അഖിലേഷ് യാദവ് തിരിച്ചടിച്ചു. തന്റെ ഒരു റാലിയും കൃത്യസമയത്ത് നടന്നിട്ടില്ലെന്നും അപകടത്തിന് റാലിയുമായി ബന്ധമില്ലെന്നും അഖിലേഷ് അവകാശപ്പെട്ടു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും പങ്കുവെച്ചു. സംഭവത്തില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

Tags