ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

Four members of a family fall ill after eating biryani and watermelon; food poisoning suspected
 

മുംബൈ: തണ്ണിമത്തനും ബിരിയാണിയും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട, രണ്ടു പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.  40 വയസ്സുകാരനായ ഭര്‍ത്താവ്, 35 വയസ്സുകാരിയായ ഭാര്യ, പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. മുംബൈയിലെ പൈധോണി പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. 

കുടുംബത്തിലെ  അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ രാത്രി 10.30ന് ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷം ബന്ധുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. തുടര്‍ന്ന് പുലര്‍ച്ചെ 1.00നും 1.30നും ഇടയില്‍ മരിച്ച നാല് പേരും തണ്ണിമത്തന്‍ കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.രാവിലെ 5.30ഓടെ നാല് പേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജെ ജെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ, ഇളയ മകള്‍ രാവിലെ 10.15-ഓടെയും ഭര്‍ത്താവ് രാത്രി 10.30-ഓടെയും മരിച്ചു. പിന്നീട് ഭാര്യയ്ക്കും മൂത്ത മകള്‍ക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു. അബ്ദുള്ള ദൊകാഡിയ (40), നസ്രീന്‍ ദൊകാഡിയ (35), ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.
 

Tags