ഉത്തർപ്രദേശ് മുൻ മന്ത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചു

Former Uttar Pradesh minister dies after falling from the seventh floor of a building

 ലക്നൗ : ഉത്തർപ്രദേശ് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ എം.എൽ.എമാർക്ക് താമസിക്കാൻ നിർമിച്ച 'ദാരൂൾ ഷഫ' പുതിയ റെസിഡൻസ് സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും അദ്ദേഹം താഴേക്ക് വീണത്.

ഹസ്രത്ഗഞ്ചിലെ പുതിയ എം.എൽ.എ റെസിഡൻസിന് പിൻവശത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് നാനക് റാമിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

നാനക് റാം ഭൂർജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം പലപ്പോഴും എം.എൽ.എ ക്വാർട്ടേഴ്സിന് ചുറ്റും കറങ്ങിനടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ, നാനക് റാം താഴേക്ക് വീണ കെട്ടിടത്തിൽ അദ്ദേഹത്തിന് ഔദ്യോഗികമായി മുറി അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം എങ്ങനെ അവിടെ എത്തി, എന്തിന് എത്തിയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണെന്നും, എല്ലാ വശങ്ങളും അന്വേഷണ പരിധിയിലാണെന്നും പൊലീസ് വ്യക്തമാക്കി.


 

Tags