മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു

mukul

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് സൂചന.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു മുകുള്‍ റോയ്. മമത ബാനര്‍ജിയുടെ അടുത്ത തോഴനും പാര്‍ട്ടിയുടെ നെടുംതൂണുമായിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലിലെത്തിയ മുകുള്‍ റോയ് 2006ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2012 വരെ പാര്‍ട്ടിയുടെ രാജ്യസഭയിലെ തലവന്‍ കൂടിയായിരുന്നു മുകുള്‍ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നാണ് മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്. മമതയ്ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. എന്നാല്‍ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്, നാരദ സ്റ്റിങ് ഓപ്പറേഷന്‍ തുടങ്ങിയ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടതോടെ മുകുള്‍ റോയ് വിവാദ കഥാപാത്രമായി മാറി. പിന്നീട് 2017ല്‍ മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി 18 സീറ്റുകള്‍ നേടിയതിന് പിന്നില്‍ മുകുള്‍ റോയ്യുടെ പ്രവര്‍ത്തനമികവ് കൂടിയുണ്ടായിരുന്നു. പിന്നാലെ 2021ല്‍ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നു.

Tags