മദ്രാസ് , കോൽക്കത്ത ഹൈക്കോടതികളിലെ മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ‌ അന്തരിച്ചു

Former judge of Madras and Calcutta High Courts Justice C.S. Karnan passes away

 ചെന്നൈ: മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിലെ മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തന്റെ സേവനകാലയളവിൽ നിരവധി വിവാദങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. 2017ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് ജഡ്ജിമാർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ ജസ്റ്റിസ് കർണൻ ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 

കോടതിയലക്ഷ്യ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച രാജ്യത്തെ ആദ്യത്തെ സിറ്റിങ് ജഡ്ജിയാണ് അദ്ദേഹം. തന്റെ സേവനകാലയളവിൽ മറ്റ് ജഡ്ജിമാരിൽ നിന്ന് ജാതിവിവേചനം നേരിട്ടിരുന്നുവെന്നും അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു.
1983-ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം, 2009-ൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായും 2011-ൽ സ്ഥിരം ജഡ്ജിയായും നിയമിതനായി. പിന്നീട് 2016 മാർച്ചിൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുകയും, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം അഞ്ച് വർഷം തടവുശിക്ഷ വിധിച്ചുകൊണ്ടുള്ള അസാധാരണ ഉത്തരവ് പുറത്തിറക്കുകയും ചെയ്തത് വലിയ നിയമപോരാട്ടങ്ങൾക്ക് കാരണമായി. തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ആറു മാസം തടവുശിക്ഷ വിധിക്കുകയായിരുന്നു.

ഒളിവിലായിരുന്ന അദ്ദേഹം പിന്നീട് പിടിയിലാവുകയും, 2017 ജൂണിൽ വിരമിച്ച ശേഷം ഡിസംബറിൽ ജയിൽ മോചിതനാവുകയും ചെയ്തു. തുടർന്ന് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ജസ്റ്റിസ് കർണൻ, 2020-ൽ ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് വീണ്ടും അറസ്റ്റിലായിരുന്നു. പിന്നീട് ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

Tags