ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രിയ്ക്കും നേരെ ആക്രമണം
എന്‍സി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഫറൂഖ് അബ്ദുള്ളയും സുരേന്ദ്ര ചൗധരിയും എത്തിയത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്കും നേരെ ജമ്മുവില്‍ ആക്രമണം. ബുധനാഴ്ച രാത്രി ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അക്രമി ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. എന്‍സി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഫറൂഖ് അബ്ദുള്ളയും സുരേന്ദ്ര ചൗധരിയും എത്തിയത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പുറത്ത് കാത്തുനിന്ന അക്രമി ലോഡ് ചെയ്ത പിസ്റ്റളുമായി ഫറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെച്ച ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴ്‌പ്പെടുത്തി. ജമ്മു സ്വദേശിയായ കമല്‍ സിംഗ് ജംവാള്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പ്രാഥമികമായി അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്നത് ലൈസന്‍സുള്ള തോക്കാണെന്നും വിവരമുണ്ട്. വെടിയുണ്ട ലക്ഷ്യം തെറ്റിയതിനാല്‍ ഫറൂഖ് അബ്ദുള്ള പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ തിരക്കിനിടയില്‍ ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്ക് നിസാര പരിക്കേറ്റതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'അള്ളാഹു കാത്തു. എന്റെ പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോഡ് ചെയ്ത പിസ്റ്റളുമായി ഒരാള്‍ക്ക് എങ്ങനെ ഇത്രയും അടുത്തെത്താന്‍ കഴിഞ്ഞു എന്നത് ഗൗരവകരമാണ്. എന്‍എസ്ജി, ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാള്‍ക്ക് നേരെയുണ്ടായ ഈ വധശ്രമം വലിയ സുരക്ഷാവീഴ്ചയാണ്, എന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള എക്‌സ് കുറിപ്പില്‍ പറഞ്ഞു.
.jpg)

