ബിജെപിയുടെ മുൻ എംഎൽഎ അതർ സിങ് ഭദാനയെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി

Former BJP MLA Atar Singh Bhadana lynched to death by mob

ജയ്പുർ: രാജസ്ഥാനിൽ ബിജെപിയുടെ മുൻ എംഎൽഎ ആയിരുന്ന അതർ സിങ് ഭദാനയെ ജനക്കൂട്ടം മർദിച്ചു കൊന്നു. ക്വാറിയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. ഭാരത്പുർ ജില്ലയിലെ ഭോണ്ഡ ഗ്രാമത്തിൽ ഞായറാഴ്ച രാതിയാണ് ആക്രമണം ഉണ്ടായത്. രാത്രിയിൽ ക്വാറിയിലേക്ക് പോയ ഭദാനയും പ്രദേശവാസികളും തമ്മിൽ വാക്കേറ്റമുണ്ടായി. 

തുടർന്ന് പ്രദേശവാസികൾ കല്ലുകളും വടിയും കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഭദാനയുടെ ഒപ്പമുണ്ടായിരുന്ന സഹായി ഗഗൻ ശർമയും ക്രൂരമായി ആക്രമിക്കപ്പെട്ടു.ഗുരുതരമായി പരുക്കേറ്റ ഭദാനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭദാന പൊതു സ്ഥലം കൈയേറി അനധികൃതമായി ഖനനം നടത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഒരു വർഷമായി ക്വാറി അടച്ചിട്ടിരിക്കുകയായിരുന്നു. 

ഭർദാന വീണ്ടും ക്വാറി തുറക്കാൻ ശ്രമങ്ങൾ ഊർജിതമാക്കിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ 15 ദിവസങ്ങളായി നാട്ടുകാർ ഖനനം പുനരാരംഭിക്കുന്നതിനെതിരേ സമരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ 50 പേരുമായി എത്തിയ ഭദാന സമരക്കാരെ പ്രദേശത്തു നിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഗ്രാമത്തിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Tags