22കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ; ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് പ്രചരിച്ച ദൃശ്യങ്ങള്‍
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഉത്തര്‍ പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച. കൗശാംബിയിലെ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയായ രോഗിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൗശാംബി ജില്ലയിലുള്ള മെഡിക്കല്‍ കോളേജില്‍ അതീവ ഗൗരവകരമായ സുരക്ഷാ വീഴ്ചയും മനുഷ്യാവകാശ ലംഘനവുമാണ് നടന്നിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയായ ഒരു രോഗിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ വെച്ച് പകര്‍ത്തിയതായും അത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അടക്കം പ്രചരിപ്പിച്ചതായുമാണ് പരാതി. മാധ്യമ പ്രവര്‍ത്തകരും ഡോക്ടര്‍മാരും അടക്കമുള്ള ഗ്രൂപ്പുകളിലാണ് ദൃശ്യം പ്രചരിച്ചത്.
ഏപ്രില്‍ 26നാണ് സംഭവം നടന്നത്. ഗൈനക്കോളജി വിഭാഗത്തിലാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്ന ആരോ അബോധാവസ്ഥയിലുള്ള യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യുകയായിരുന്നു. ബര്‍ത്തോലിന്‍ സിസ്റ്റ് നീക്കം ചെയ്യാനായി ആയിരുന്നു യുവതി ചികിത്സ തേടിയത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളും മുഖവും ദൃശ്യമാകുന്ന തരത്തിലുളള ദൃശ്യങ്ങളാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായത്.
മകളുടെ അന്തസ്സിനും സ്വകാര്യതയ്ക്കും മുറിവേല്‍പ്പിച്ച ഈ ക്രൂരമായ പ്രവര്‍ത്തിക്കെതിരെ യുവതിയുടെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി അധികൃതര്‍ക്കും പൊലീസിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായിരിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കുടുംബം ആരോപിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജ് അധികൃതരും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്ററില്‍ ആ സമയത്ത് ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് സഹായികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കി.
.jpg)

