ഭക്ഷ്യവിഷബാധ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആരോഗ്യ പ്രശ്‌നം
കര്‍ണാടക സന്ദര്‍ശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛര്‍ദിയും തളര്‍ച്ചയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടക സന്ദര്‍ശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ഡോക്ടര്‍മാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കര്‍ണാടകയിലെ രണ്ട് പരിപാടികളില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
ഹുബ്ബള്ളിയിലെ കെഎല്‍ഇ ജഗദ്ഗുരു മെഡിക്കല്‍ കോളേജ്, കെഎല്‍ഇ ആശുപത്രി എന്നിവയുടെ കെട്ടിടോദ്ഘാടനത്തിനും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനുമായാണ് അമിത് ഷാ വെള്ളിയാഴ്ച കര്‍ണാടകയിലെത്തിയത്. വെള്ളിയാഴ്ച രാത്രി കര്‍ണാടകയിലെത്തിയ അദ്ദേഹം ഹോട്ടല്‍മുറിയിലാണ് തങ്ങിയത്. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ കാരണം അദ്ദേഹത്തിന് ഛര്‍ദിയും മറ്റു അവശതകളും അനുഭവപ്പെട്ടത്. ഇതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോട്ടലില്‍ തന്നെ വിശ്രമിക്കുകയായിരുന്നു.
അമിത് ഷായുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ബെലഗാവിയിലെ ചടങ്ങ് റദ്ദാക്കി. കെഎല്‍ഇ മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് വരാന്‍ കഴിയില്ലെന്ന് മുന്‍ എംപിയായ പ്രഭാകര്‍ കോരെയാണ് സദസ്സിനോട് പറഞ്ഞത്. അമിത് ഷായുടെ സന്ദേശവും അദ്ദേഹം സദസ്സിനെ കേള്‍പ്പിച്ചു. ഇതിനിടെയാണ് അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന് എത്താനായില്ലെങ്കിലും ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുന്‍പ് അമിത് ഷാ കെഎല്‍ഇ മെഡിക്കല്‍ കോളേജ് ക്യാമ്പസ് സന്ദര്‍ശിച്ചതായി പ്രാദേശിക നേതാക്കളും പറഞ്ഞു.
.jpg)

