പാനിപൂരി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഉത്തർപ്രദേശിൽ 150-ലധികം പേർക്ക് അസുഖം

Panipuri

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ സിദ്ധാർഥ്നഗർ ജില്ലയിൽ വഴിയോരക്കച്ചവടക്കാരനിൽനിന്ന് പാനിപൂരിയും ടിക്കിയും കഴിച്ച 150-ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. കുട്ടികളടക്കം നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. രോഗബാധിതരിൽ പലരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ സംഭവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

ഖേസ്‌റഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെദാരി, കല്നഖോർ തുടങ്ങിയ ഗ്രാമങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഏകദേശം 35 മുതൽ 36 വരെ കുട്ടികൾ ഉൾപ്പെടെയുള്ളവരെ സിദ്ധാർഥ്നഗർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ചില കുട്ടികളുടെ ആരോഗ്യനില തുടക്കത്തിൽ ഗുരുതരമായിരുന്നെങ്കിലും ചികിത്സയ്ക്ക് ശേഷം മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച വെള്ളത്തിലോ പഴകിയ ഭക്ഷണസാധനങ്ങളിലോ ഉണ്ടായ മലിനീകരണമാകാം അസുഖത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. എന്നാൽ പരിശോധനാഫലം പുറത്തുവന്നതിന് ശേഷമേ യഥാർഥ കാരണം സ്ഥിരീകരിക്കാനാകൂ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Tags