ഫ്ളിപ്കാര്‍ട്ട് സി.ഇ.ഒ. കല്യാണ്‍ കൃഷ്ണമൂര്‍ത്തി രാജിവെച്ചു

KALYANKRISHNAMOORTHY
ആമസോണ്‍, മീഷോ, മറ്റ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള ശക്തമായ മത്സരമാണ് ഫ്ളിപ്കാര്‍ട്ട് നേരിടുന്നത്.

പതിനൊന്നു വര്‍ഷത്തിലധികം നീണ്ട സേവനത്തിന് ശേഷം  ഫ്ളിപ്കാര്‍ട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ (സി.ഇ.ഒ.) കല്യാണ്‍ കൃഷ്ണമൂര്‍ത്തി സ്ഥാനമൊഴിയുന്നു. പുതിയ സി.ഇ.ഒ.യെ പ്രഖ്യാപിക്കുന്നത് വരെ, നിലവിലെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ടെക്നോളജി ഓഫീസറായ (സി.പി.ടി.ഒ.) ബാലാജി ത്യാഗരാജനാകും ചുമതല. ആമസോണ്‍, മീഷോ, മറ്റ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള ശക്തമായ മത്സരമാണ് ഫ്ളിപ്കാര്‍ട്ട് നേരിടുന്നത്.

കല്യാണ്‍ കൃഷ്ണമൂര്‍ത്തി 2013ലാണ്  ഫ്ളിപ്കാര്‍ട്ടില്‍ ചേരുന്നത്. തുടര്‍ന്ന് 2017 ജനുവരിയില്‍ സി.ഇ.ഒ. ആയും 2018-ല്‍ ഗ്രൂപ്പ് സി.ഇ.ഒ. ആയും അദ്ദേഹം ചുമതലയേറ്റു. വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളറിന് ഫ്ളിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്ത നിര്‍ണായക ഘട്ടത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

ഈ കാലയളവില്‍ കമ്പനിയുടെ ബിസിനസ് അഞ്ചിരട്ടിയിലധികം വളര്‍ച്ച കൈവരിച്ചു. ഇ-കൊമേഴ്സ് വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതോടൊപ്പം ഫാഷന്‍, ട്രാവല്‍, ഫിന്‍ടെക് തുടങ്ങിയ പുതിയ മേഖലകളിലേക്കും ബിസിനസ് വിപുലീകരിച്ചു. കമ്പനിയുടെ വാര്‍ഷിക വിപണന മേളയായ 'ബിഗ് ബില്യണ്‍ ഡെയ്സ്' ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് ആഘോഷങ്ങളില്‍ ഒന്നായി മാറി.

Tags