മിന്നൽ പ്രളയം ; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

Flash floods; rain-related havoc intensifies in North India.

 ന്യൂഡൽഹി : മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ അസമിൽ മഴക്കെടുതിയിൽ മരണം 82ആയി ഉയർന്നു. 1.92 ലക്ഷം പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതി ബാധിച്ചത്. ശിവസാഗർ, ചരൈഡിയോ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഇതുവരെ കാണാതായവരുടെ പട്ടികയിൽ ആരും ഉൾപ്പെട്ടിട്ടില്ല. ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ്, ചരൈഡിയോ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. 

നിലവിൽ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12, 994 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 15, 430 ഹെക്ടർ കൃഷിയിടങ്ങളും മഴയിൽ മുങ്ങിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന ജില്ലകളിൽ നിരവധി വീടുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിൽ ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

അതേസമയം ഒഡീഷയിൽ കനത്ത മഴയിലും പ്രളയത്തിലും അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ പടിഞ്ഞാറൻ ഒഡീഷയിൽ ചില ജില്ലകളിൽ ശക്തമായ മഴപെയ്യുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഛത്തിസ്ഗഡിന് മുകളിലുള്ള ന്യൂനമർദം പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുന്നതിനാൽ മഴയുടെ അളവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് ലക്ഷത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. സംസ്ഥാനത്ത് നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.

Tags