നേപ്പാളിനെ തകർത്ത് മിന്നൽപ്രളയം ; മരണം 389, കാണാതായത് 1468 പേർ, 290 ഇന്ത്യക്കാരും

nepal

 കഠ്മണ്ഡു: നേപ്പാളിലെ നാല് മധ്യജില്ലകളെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണസംഖ്യ 389 ആയി. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും ഉൾപ്പെടെ ആകെ 1468 പേരെയാണ് കാണാതായിരിക്കുന്നത്. 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളെയും കാണാനില്ലെന്നാണ് വിവരം. കാണാതായവരിൽ 290 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യയും രംഗത്തിറങ്ങും.

റസുവ, ധാടിങ്, നുവാകോട്ട്, ചിത് വൻ ജില്ലകളിലാണ് പ്രളയം വലിയ നാശം വിതച്ചത്. നിരവധി ചെറുപട്ടണങ്ങളും ഗ്രാമങ്ങളും പ്രളയജലത്തിൽ തകർന്നു. ത്രിശൂലി, നാരായണി നദികളിലേക്കാണ് കുത്തിയൊഴുകിയ വെള്ളം എത്തിയത്. പാലങ്ങളും ജലവൈദ്യുത പദ്ധതികളും ഉൾപ്പെടെ നിരവധി നിർണായക സംവിധാനങ്ങൾ തകർന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു.

കഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള റസുവയിൽ വലിയ ഉയരത്തിൽ വെള്ളമെത്തി കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂചലനമാണ് പ്രളയത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മഞ്ഞുപാളി അടർന്ന് നദിയിൽ പതിച്ചതാണ് മിന്നൽപ്രളയത്തിന് കാരണമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയത്. മഞ്ഞുമല അടർന്നതിനെ തുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം, കഠ്മണ്ഡുവിനെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന നഗ് ദുംഗ–മഗ് ലിങ് ദേശീയപാത പൂർണമായി തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. കാണാതായവർക്കായുള്ള തിരച്ചിലും ദുരന്തബാധിതർക്കുള്ള രക്ഷാപ്രവർത്തനവും തുടരുകയാണ്. ഇതോടെ നേപ്പാളിലെ മിന്നൽപ്രളയം സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

Tags