രാജസ്ഥാനിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗര്‍ഭിണികള്‍ മരിച്ചു

dead

ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നുള്ള കള്‍ച്ചര്‍ റിപ്പോര്‍ട്ടില്‍ അപകടകരമായ ബാക്ടീരിയല്‍ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

രാജസ്ഥാനിലെ ഭില്‍വാരയിലുള്ള മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗര്‍ഭിണികള്‍ മരിച്ചു. ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തില്‍ നടന്ന അസ്വാഭാവിക മരണങ്ങള്‍ മെഡിക്കല്‍ അനാസ്ഥയെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നുള്ള കള്‍ച്ചര്‍ റിപ്പോര്‍ട്ടില്‍ അപകടകരമായ ബാക്ടീരിയല്‍ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

എന്നാല്‍ ആശുപത്രി അധികൃതരും ജില്ലാ കളക്ടര്‍ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ചു. ഓരോ സ്ത്രീയും വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങളും സങ്കീര്‍ണ്ണതകളും കാരണമാണ് മരിച്ചതെന്നും അണുബാധയല്ല മരണകാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. മുന്‍കരുതല്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിദിനം 30 മുതല്‍ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ആകെ 8 സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ് സെറ്റുകള്‍ മാത്രമാണുള്ളത്. ഒരു സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിന് മുന്‍പ് 3 മണിക്കൂറെങ്കിലും അണുമുക്തമാക്കേണ്ടതുണ്ട്. എന്നാല്‍ തിരക്ക് കാരണം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉപകരണങ്ങള്‍ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം ഈ ആശുപത്രിയില്‍ നടക്കുന്ന മാതൃമരണങ്ങളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. ഇതില്‍ അഞ്ചും ജൂലൈ ആദ്യ വാരത്തിലാണ് സംഭവിച്ചത്.

Tags