ഡൽഹിയിൽ മീൻ മാർക്കറ്റിൽ വൻ തീപിടിത്തം

fire

ന്യൂഡൽഹി:  ഉത്തം നഗറിന് സമീപമുള്ള മട്ടിയാലയിലെ മീൻ മാർക്കറ്റിൽ വൻ തീപിടിത്തം . ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രി 11.55ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ 23 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ തുടരുകയാണ്.

തീപടർന്ന് പിടിച്ചതോടെ സമീപത്തെ നിരവധി ചേരികളിലേക്കും തീ പടരുകയായിരുന്നു. ഇത് നിരവധി കുടുംബങ്ങളുടെ വീടുകൾക്ക് ഭീഷണിയായി. സമീപത്ത് താമസിക്കുന്ന ആളുകൾ പുക കണ്ട് ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ചതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞു മാറിയത്. തീപിടിത്തത്തിൽ ഏകദേശം 300 മുതൽ 400 വരെ ചേരികൾ കത്തിനശിച്ചതായി ഡൽഹി ഫയർ സർവീസ് റിപ്പോർട്ട് ചെയ്‌തു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. അതേസമയം, മാർച്ച് 4ന് വെള്ളം നിറച്ച ബലൂൺ എറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 26 വയസ്സുള്ള യുവാവ് മർദ്ദനമേറ്റ് മരിച്ചതിനെത്തുടർന്ന് ഉത്തം നഗറിലെ ഈ പ്രദേശം നിലവിൽ സംഘർഷാവസ്ഥയിലാണ്. തീപിടുത്തമുണ്ടായ സ്ഥലം സംഭവസ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെയാണെന്ന് പൊലീസ് അറിയിച്ചു. എന്നിരുന്നാലും, തീപിടുത്തത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags