മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് 30,000 രൂപയും നാലാമത്തെ കുട്ടിയുടെ ജനനത്തിന് 40,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍
മക്കള്‍ നമ്മുടെ സമ്പാദ്യമാണെന്നും ഇതാണ് തനിക്ക് എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാനുള്ള സന്ദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആന്ധ്രാ പ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍. മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് 30,000 രൂപയും നാലാമത്തെ കുട്ടിയുടെ ജനനത്തിന് 40,000 രൂപയും സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചയില്‍ ഉണ്ടായ ഇടിവില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, മക്കള്‍ നമ്മുടെ സമ്പാദ്യമാണെന്നും ഇതാണ് തനിക്ക് എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാനുള്ള സന്ദേശമെന്നും വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ കരടുരേഖ ചന്ദ്രബാബു നായിഡു നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത കുടുംബസൂത്രണത്തില്‍നിന്ന് ജനസംഖ്യാ സംരക്ഷണത്തിലേക്ക് ശ്രദ്ധ മാറ്റാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
സംസ്ഥാനത്ത് ജനനനിരക്കില്‍ ഉണ്ടാകുന്ന കുറവും ഭാവിയിലുണ്ടായേക്കാവുന്ന ജനസംഖ്യാപരമായ വെല്ലുവിളികളും കണക്കിലെടുത്തായിരുന്നു നീക്കം. ഇതിന്റെ ഭാഗമായി രണ്ടോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങള്‍ക്ക് പ്രസവസമയം 25,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മൂന്നാമത്തെ കുട്ടിക്ക് അഞ്ച് വയസ്സാകും വരെ പോഷക പിന്തുണയ്ക്കായി പ്രതിമാസം 1000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നാമത്തെ കുട്ടിക്ക് പ്രസവത്തോടനുബന്ധിച്ച് അമ്മയ്ക്ക് 12 മാസത്തെ അവധിയും അച്ഛന് രണ്ടു മാസത്തെ അവധിയും നല്‍കാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
.jpg)

