രാത്രി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ വഴക്ക് ; യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
അര്‍ധരാത്രി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഹരിയാനയില്‍ ഫോണില്‍ സംസാരിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ ബന്‍സ് അലിയാര്‍ ഗ്രാമത്തിലാണ് സംഭവം. നരേന്ദ്രസിംഗ് എന്ന മുപ്പത്തിയേഴുകാരനാണ് കാജല്‍ ദേവി എന്ന യുവതിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. അര്‍ധരാത്രി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നുവെന്ന് പ്രതി സംശയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
നരേന്ദ്രസിംഗും കാജല്‍ ദേവിയും നാല് മക്കള്‍ക്കൊപ്പം ബന്‍സ് അലിയാര്‍ ഗ്രാമത്തിലായിരുന്നു താമസം. ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. കാജല്‍ ദേവി രാത്രി എട്ടുമണിയോടെയും നരേന്ദ്രസിംഗ് അര്‍ധരാത്രിയോടെയുമാണ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നത്. കഴിഞ്ഞ ദിവസം നരേന്ദ്രസിംഗ് തിരിച്ചെത്തിയപ്പോള്‍ കാജല്‍ ഫോണില്‍ സംസാരിച്ചിരിക്കുന്നത് കണ്ടു. ആരോടാണ് സംസാരിക്കുന്നതെന്ന് നരേന്ദ്രസിംഗ് ചോദിച്ചെങ്കിലും കാജല്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല.
ഇതോടെ പ്രകോപിതനായ പ്രതി ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയുമായിരുന്നു. തര്‍ക്കം മൂത്തതോടെ നരേന്ദ്രസിംഗ് കാജലിനെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. ഇവരുടെ നാല് മക്കളും വീടിന്റെ ടെറസില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു കൊല നടന്നത്. ശേഷം ഇയാള്‍ സ്ഥലംവിട്ടു. സംഭവത്തില്‍ കാജലിന്റെ സഹോദരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച ഷാള്‍ സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
.jpg)

