അതിർത്തി കാക്കാൻ അഞ്ചാമത്തെ 'സുദർശൻ ചക്ര'; പാക് അതിർത്തിയിൽ ഫെബ്രുവരിയോടെ പുതിയ എസ്-400 വിന്യസിക്കാൻ ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ അതിർത്തിയിൽ വ്യോമപ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ചാമത്തെ എസ്-400 (S-400) വ്യോമപ്രതിരോധ സംവിധാനം 2027 ഫെബ്രുവരിയോടെ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ജമ്മു കശ്മീരിലെ 740 കിലോമീറ്റർ വരുന്ന നിയന്ത്രണരേഖയ്ക്ക് (LoC) സുരക്ഷയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് എസ്-400 സംവിധാനങ്ങൾ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ അരുണാചൽ പ്രദേശിലെ 1,126 കിലോമീറ്റർ വരുന്ന യഥാർഥ നിയന്ത്രണരേഖയ്ക്ക് (LAC) സംരക്ഷണം നൽകുന്നതിനായി നാലാമത്തെ സംവിധാനം അസമിലുമാണ് പ്രവർത്തിക്കുന്നത്. പുതിയ സംവിധാനം എത്തുന്നതോടെ 2018-ൽ റഷ്യയുമായി ഒപ്പുവെച്ച കരാറിലെ അഞ്ച് യൂണിറ്റുകളുടെയും വിന്യാസം പൂർത്തിയാകും. വിന്യാസത്തിന് മുന്നോടിയായുള്ള പരിശോധനകൾക്കായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സംഘം അടുത്ത മാസം റഷ്യ സന്ദർശിക്കും. അടുത്ത വർഷം റഷ്യയിൽ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, കാമികാസെ ഡ്രോണുകൾ എന്നിവയെ 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിൽ വെച്ച് തകർക്കാൻ എസ്-400 സംവിധാനത്തിന് സാധിക്കും. 'ഓപ്പറേഷൻ സിന്ദൂറി'നിടെ പാക്കിസ്ഥാന്റെ മിസൈലുകളും റോക്കറ്റുകളും ഇന്ത്യൻ മണ്ണിൽ പതിക്കുന്നത് തടയാനും ശത്രുവിമാനങ്ങൾ തകർക്കാനും എസ്-400 നിർണ്ണായക പങ്കുവഹിച്ചിരുന്നു. ചൈന പാക്കിസ്ഥാന് ജെ-35 (J-35) അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നൽകാൻ പദ്ധതിയിടുന്ന പശ്ചാത്തലത്തിൽ ദീർഘദൂര ആയുധങ്ങളും അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ.
.jpg)

