തട്ടിക്കൊണ്ടു പോയി മരത്തില്‍ കെട്ടിയിട്ട് തീയിട്ട വനിതാ ഇന്‍ഫ്‌ലുവെന്‍സര്‍ 8 ആഴ്ചകള്‍ക്ക് ശേഷം മരിച്ചു
ജൂലൈ 3-ന് രാത്രി മന്‍ജീത് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് അമ്മ കാന്ത ദേവി നല്‍കിയ പരാതിയില്‍ പറയുന്നത്.
പഞ്ചാബിലെ മൊരിന്ദയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചശേഷം തീകൊളുത്തിയതായി പരാതിയുള്ള സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ചണ്ഡീഗഢ് സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ മന്‍ജീത് കൗര്‍ (28) മരിച്ചു. ഓഗസ്റ്റ് 26-ന് ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജൂലൈ 3-ന് രാത്രി മന്‍ജീത് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് അമ്മ കാന്ത ദേവി നല്‍കിയ പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ശുഭിയും പിന്‍ഡയും ചണ്ഡീഗഢിലെ സെക്ടര്‍ 34-ലെ മദ്യശാലയ്ക്ക് സമീപം കാണാനായി വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് മന്‍ജീത് കൗറിനെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി മൊരിന്ദയിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.
മൊരിന്ദയിലെത്തിയശേഷം മന്‍ജീത് കൗറിനെ മര്‍ദിക്കുകയും മള്‍ബറി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തുകയും ചെയ്‌തെന്നാണ് പരാതിയിലെ ആരോപണം. തീപിടിച്ച നിലയില്‍ മന്‍ജീത് കൗറിനെ കണ്ട പരിചയക്കാരന്‍ പുതപ്പ് ഉപയോഗിച്ച് തീ അണച്ചശേഷം മൊരിന്ദയിലെ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്കുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ജൂലൈ 9-ന് ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റുകയായിരുന്നു.
പി.ജി.ഐ.എം.ഇ.ആറില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മന്‍ജീത് കൗര്‍ ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഓഗസ്റ്റ് 5-ന് അല്പസമയം ബോധം വീണ്ടെടുത്തപ്പോള്‍ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് വിവരിച്ചതായും ബന്ധുക്കള്‍ വ്യക്തമാക്കി.
എന്നാല്‍ ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി. ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 26-ന് മരണം സംഭവിച്ചത് .ശുഭിയെയും പിന്‍ഡയെയും പ്രതികളാക്കിയതായി പോലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.പ്രതികള്‍ സഞ്ചരിച്ചിരുന്ന പാത കണ്ടെത്തുന്നതിനായി സെക്ടര്‍ 34 മുതല്‍ മൊരിന്ദ വരെയുള്ള റോഡുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
.jpg)

