ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് എറിഞ്ഞു കൊന്നു
അമ്മയുടെ അരികില്‍ കിടന്നിരുന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തു കൊണ്ടുപോയി ഇയാള്‍ സംപിലേക്ക് വലിച്ചെറിയുകയായിരുന്നു
കർണാടകയിലെ ചിക്കബല്ലാപ്പൂരില്‍ ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ സ്വന്തം പെണ്‍കുഞ്ഞിനെ പിതാവ് വീട്ടിനുള്ളിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ ഇരുപത്തിയെട്ടുകാരനായ എം. ഇമ്രാനെ ചിക്കബല്ലാപ്പൂർ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാല്‍ ഇത്തവണയെങ്കിലും ആണ്‍കുഞ്ഞുണ്ടാകുമെന്നായിരുന്നു ഇയാളുടെ ശക്തമായ പ്രതീക്ഷ.
എന്നാല്‍ വീണ്ടും പെണ്‍കുഞ്ഞ് പിറന്നതിലുള്ള കടുത്ത അമർഷവും നിരാശയുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് വ്യക്തമാക്കുന്നു.വ്യാഴാഴ്ച പുലർച്ചെ വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം.
അമ്മയുടെ അരികില്‍ കിടന്നിരുന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തു കൊണ്ടുപോയി ഇയാള്‍ സംപിലേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ ഉണർന്ന അമ്മ കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി ചോദിച്ചപ്പോള്‍, ഒന്നുമറിയാത്ത ഭാവത്തില്‍ ഇയാള്‍ വീട്ടുകാരുമൊപ്പം തിരച്ചില്‍ നാടകം കളിക്കുകയും ചെയ്തു.
ഒടുവില്‍ സംശയം തോന്നി വീട്ടുകാർ സംപിലെ വെള്ളം വറ്റിച്ചു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ നിശ്ചലമായ ശരീരം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
.jpg)

