കർഷക സമരത്തിൽ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ചു : കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണമെന്ന് കോടതി
ചണ്ഡീഗഢ് : 2020-21ലെ കർഷക സമരത്തിൽ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ ബി.ജെ.പി മാണ്ഡി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ കേസിൽ നേരിട്ട് ഹാജരാകണമെന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ തള്ളി. ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തിൽ കങ്കണ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പ്രത്യേകമായ ന്യായാധിപ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
tRootC1469263">തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ കങ്കണയുടെ അഭാവം ഗൗരവമായി കാണുന്നുവെന്നും വ്യക്തിപര ഹാജരിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ വ്യക്തവും വിശ്വസനീയവുമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2021ൽ ബഷഹീൻ ബാഗിൽ പ്രതിഷേധം നടത്തിയ ബിൽക്കീസ്ബാനു എന്ന് തന്നെ തെറ്റായി ചിത്രീകരിച്ച് കങ്കണ എക്സിൽ പോസ്റ്റിട്ടുവെന്നും അത് അപകീർത്തിപ്പെടുത്തിയെന്നും കാണിച്ച് മഹീന്ദർ കൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കങ്കണക്കെതിരെ അപകീർത്തി കേസ് രജിസ്റ്റർ ചെയ്തത്.
കർഷകസമരത്തിൽ പങ്കെടുക്കാനായി സ്ത്രീകളെ 100 രൂപ നൽകി കൊണ്ടുവന്നതാണെന്നും കങ്കണ അധിക്ഷേപിച്ചതായും പരാതിയിലുണ്ടായിരുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ചണ്ഡീഗഢ് വിമാനത്താവളത്തിൽ നടന്ന സുരക്ഷ പരിശോധനക്കിടെ സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയെ മർദിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന വിചാരണയിൽ കങ്കണ ഹാജരായിരുന്നില്ല. മുംബൈയിലെ ഔദ്യോഗികവും മുൻകൂട്ടി നിശ്ചയിച്ചതുമായ പരിപാടികളാണ് ഹാജരാകാൻ കഴിയാതിരുന്നതിന്റെ കാരണമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇത് തുടർച്ചയായ നാലാമത്തെ ഇളവ് അപേക്ഷയാണെന്നും, കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമാണ് പരാതിക്കാരിയുടെ വാദം.
വിചാരണക്കിടെ, മുമ്പ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെയാണ് കങ്കണ ഇളവിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ജനുവരി 5ന് സമർപ്പിച്ച പുതിയ അപേക്ഷയിൽ മുംബൈ സന്ദർശനമാണ് കാരണം പറഞ്ഞിരിക്കുന്നതെന്നും, ഇത് തെളിയിക്കുന്ന രേഖകളോ ഷെഡ്യൂളോ മറ്റ് സാമഗ്രികളോ അപേക്ഷക്കൊപ്പം ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹാജരാകാനാകാത്തതിനെ ന്യായീകരിക്കുന്ന വിശ്വസനീയമായ രേഖകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അപേക്ഷക്ക് പിന്തുണയായി നൽകിയ സത്യവാങ്മൂലത്തിലും അത്തരം ബാധ്യതകളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. വ്യക്തിപര ഹാജരിൽ നിന്ന് ഒഴിവാക്കൽ ഒരു വിവേചനാധികാരപരമായ ഇളവാണെന്നും, പ്രത്യേകിച്ച് ക്രിമിനൽ കേസുകൾ നേരിടുന്ന പ്രതികളുടെ കാര്യത്തിൽ അത് വളരെ സൂക്ഷ്മമായി മാത്രമേ അനുവദിക്കാവൂവെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
.jpg)


