'മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തം'; 15 മരണം
കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജമദ്യം കുടിച്ച് 15 പേര് മരിച്ചു. 200ലേറേ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ലാംഫെല്പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് ആളുകള്‍ ചികിത്സയിലുള്ളത്. ചക്പികരോങ് മേഖലയില്‍ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത ഉണ്ടായവര്‍ ചികിത്സ തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്.
സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇരകള്‍ കഴിച്ച മദ്യം ചന്ദേല്‍ ജില്ലയില്‍ നിര്‍മ്മിച്ചതല്ലെന്നും, മറിച്ച് തൊട്ടടുത്ത കാക്ചിംഗ് ജില്ലയിലെ സുഗ്നുവില് നിന്നാണ് എത്തിച്ചതെന്നും ചന്ദേല്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയില്‍ അനധികൃത മദ്യനിര്‍മ്മാണം നടക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
.jpg)

