മംഗളൂരുവിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി


മംഗളൂരു : നഗരത്തിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് കാണിച്ച് വ്യാജ ഇമെയിൽ ഭീഷണി. പാണ്ഡേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അത്താവറിലുള്ള മണിപ്പാൽ സ്കൂൾ, പ്രസിഡൻസി, മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർമാർഗയിലെ കേംബ്രിഡ്ജ് സ്കൂൾ എന്നിവിടങ്ങളിൽ സ്ഫോടക വസ്തു ഉണ്ടെന്ന് അവകാശപ്പെടുന്ന ഇമെയിൽ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഇമെയിലുകളെ തുടർന്ന് പോലീസ് സംഘങ്ങളും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വിശദമായ പരിശോധനക്കുശേഷം ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ഒരു സ്കൂളിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്കായി സ്കൂളുകളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഗർവാൾ അറിയിച്ചു.