പാട്യാലയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടനം

d

സ്ഫോടനത്തെത്തുടർന്ന് ഈ പാതയിലുള്ള ട്രെയിൻ ഗതാഗതം താല്‍ക്കാലികമായി നിർത്തിവെച്ചു. 

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാല ജില്ലയിലുള്ള രാജ്പുരയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലുണ്ടായ ചെറു സ്ഫോടനത്തില്‍ പാളത്തിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ട്.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സ്ഫോടനം നടന്ന സമയത്ത് പാതയിലൂടെ ട്രെയിനുകള്‍ വരാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

സ്ഫോടനത്തെത്തുടർന്ന് ഈ പാതയിലുള്ള ട്രെയിൻ ഗതാഗതം താല്‍ക്കാലികമായി നിർത്തിവെച്ചു. ട്രാക്കില്‍ ചെറിയ വിള്ളലുകള്‍ വീണതായി റെയില്‍വേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും ആർപിഎഫും പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി ശ്രമമുണ്ടോ എന്ന് എൻഐഎ ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടർന്ന് അംബാല-ലൂധിയാന റൂട്ടിലെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിർത്തിയിട്ടു.

ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്തു നിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും അവ ലാബ് പരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Tags