ബെംഗളൂരുവിൽ ചാട്ട് കടയുടെ സംഭരണ മുറിയിൽ സ്ഫോടനം; ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്
ബെംഗളൂരു: രാജരാജേശ്വരി നഗറിൽ ചാട്ട് കടയുടെ സംഭരണ മുറിയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. പാചകവാതക ചോർച്ചയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം. കട നടത്തിയിരുന്ന ബബ്ലു, സമീപത്തെ വീട്ടിൽ താമസിക്കുന്ന ലക്ഷ്മമ്മ, ഒൻപത് വയസുള്ള കുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ പാനിപൂരി തയ്യാറാക്കുന്നതിനായി സംഭരണ മുറി തുറക്കാൻ ബബ്ലു എത്തിയ ഉടനെയായിരുന്നു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപവാസികൾ പരിഭ്രാന്തരായി.
രാവിലെ മുറി തുറക്കാനെത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. പാചകവാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്." പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


