ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യത്തില്‍ ഊന്നിയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ മുന്‍നിരക്കാരാകാന്‍ കേരളത്തിനാകുമെന്ന് വിദഗ്ധര്‍

Experts say Kerala can be a leader in technological initiatives focused on India's sustainable development goals
Experts say Kerala can be a leader in technological initiatives focused on India's sustainable development goals


കൊച്ചി: ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യത്തില്‍ ഊന്നിയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ മുന്‍നിരക്കാരാകാന്‍ കേരളത്തിനാകുമെന്ന് വിദഗ്ധര്‍. കളമശേരി ഇന്നോവേഷന്‍ ഹബ്ബില്‍ നടക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ (കെഐഎഫ് 2025) സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതില്‍ സാങ്കേതിക നവീകരണങ്ങളുടെ മുന്നേറ്റത്തെക്കുറിച്ചുള്ള സെഷനിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

tRootC1469263">

പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതും മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള വെല്ലുവിളികള്‍ സ്വീകരിക്കുന്നതും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പ്രധാനമാണെന്ന് ഡോ. ലിഡ ജേക്കബ്ബ് (റിട്ട. ഐഎഎസ്) പറഞ്ഞു. 'കേരളത്തിന്റെ സുസ്ഥിര വികസനത്തിലെ നേതൃപാഠങ്ങള്‍' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വെന്റപ് കോ-ഫൗണ്ടറും സിഇഒയുമായ സന്ദീപ് നായര്‍, ജിയോജിത് കുസാറ്റ് സെന്റര്‍ ഓഫ് സസ്റ്റൈനബിളിറ്റി സ്റ്റഡീസ് സിഇഒ ജോസഫ് മാര്‍ട്ടിന്‍ ചാഴൂര്‍ ഫ്രാന്‍സിസ്, എസിഎആര്‍ആര്‍ ഡയറക്ടര്‍ അഭിലാഷ് സുകുമാരപിള്ള, ഇക്വിനോക്ട് എംഡി ജയരാമന്‍ ചില്ലയില്‍ എന്നിവര്‍ ഈ സെഷനില്‍ സംസാരിച്ചു.

2030 മുതല്‍ 60 ശതമാനം ബിസിനസ് പ്രവര്‍ത്തനങ്ങളും സാങ്കേതിക പരിവര്‍ത്തനത്തിന്റെ ഭാഗമാകുമെന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു സെഷനില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ മേഖലയില്‍ എഐ, ഓട്ടോമേഷന്‍, റോബോട്ടിക്‌സ് എന്നിവയുടെ ഇടപെടല്‍ പകുതിയിലധികം വര്‍ധിക്കും. എഐ, സൈബര്‍ സുരക്ഷ, സാങ്കേതിക പരിജ്ഞാനം എന്നിവയായിരിക്കും ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു.

എഐയോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ പ്രകൃതിയുമായും മനുഷ്യരുമായും ബന്ധപ്പെടണമെന്ന് വാക്കിങ് ഫേണ്‍സ് ഫൗണ്ടര്‍ ഗൗതം സാരംഗ് പറഞ്ഞു. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സമൂഹം, പ്രകൃതി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഹ്യുമന്‍ എപിഐ ആണ് താന്‍ സൃഷ്ടിക്കുന്നതെന്ന് ഗൗതം ചൂണ്ടിക്കാട്ടി. നിലവിലുള്ളതും ഭാവിയില്‍ വരാനുള്ളതുമായ വിദ്യാഭ്യാസ രീതികള്‍ക്കിടയിലെ പാലമാണ് വാക്കിങ് ഫ്രണ്ട്‌സ്. സ്‌കൂളില്‍ പോകുന്നവരും പോകാത്തവരും ഹോം സ്‌കൂളിങ് ചെയ്യുന്നവരുമായി ഏത് കുട്ടികള്‍ക്കും വാക്കിങ് ഫ്രണ്ട്‌സില്‍ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഐഎഫ് 2025 ന്റെ ഭാഗമായി എഐ ഫിലിം മേക്കിങ് കോഴ്‌സ് വര്‍ക്ക് ഷോപ്പ് നടന്നു. ജെന്‍ എഐ സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുണ്‍ രമേശ് ആണ് വര്‍ക്ക്‌ഷോപ്പ് നയിച്ചത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ തരം എഐ ടൂളുകളെയും പ്രവര്‍ത്തന മേഖലകളെയും ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. ആഗോളതലത്തില്‍ എഐ ഫിലിം മേക്കിങ് ഏത് ഘട്ടത്തിലാണെന്നും പുതിയ പ്രവണതകള്‍ എന്തൊക്കെയാണെന്നതിലുമാണ് ശില്‍പ്പശാല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

 ക്രിപ്‌സ് ബയോനെസ്റ്റും വയനാട്ടിലെ ഡോ. മൂപ്പന്‍സ് ഐനെസ്റ്റും ഇന്‍കുബേറ്ററും ചേര്‍ന്ന് നടത്തിയ ബയോ ത്രിഡി വര്‍ക്ക്‌ഷോപ്പും നടന്നു. മൂന്ന് ദിവസത്തെ ശില്‍പ്പശാലയില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തു. ബയോ മെഡിക്കലുമായി ബന്ധപ്പെട്ട ബയോ ത്രിഡി പ്രിന്റിംഗിന്റെ പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്.
 

Tags