ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങി, തൊട്ടുപിന്നാലെ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി

azam khan


മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

വ്യാജ പാന്‍കാര്‍ഡ് കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ മുന്‍ യുപി മന്ത്രി ആസം ഖാനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കുഴല്‍പണ ഇടപാട് കേസില്‍ ആണ് ആസം ഖാനെ അറസ്റ്റ് ചെയ്തത്. രണ്ട് പാന്‍കാര്‍ഡുകള്‍ കൈവശം വെച്ച കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് 11 മാസത്തിലേറെ നീണ്ട തടവിന് ശേഷം ഇന്ന് ആസം ഖാന്‍ പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തേക്ക് വന്ന ആസം ഖാനെ നാടകീയമായി ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച മകന്‍ അബ്ദുല്ല അസമിനൊപ്പം ജയില്‍ മോചിതനായി നിമിഷങ്ങള്‍ക്കകമാണ് അസം ഖാനെ കേന്ദ്ര ഏജന്‍സി നാടകീയമായി കസ്റ്റഡിയിലെടുത്തത്. മുസ്ലീം ആയതിനുള്ള ശിക്ഷയാണിത് എന്നായിരുന്നു ആസം ഖാന്‍ പ്രതികരിച്ചത്.


മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 416.14 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 14ന് അസം ഖാന്‍, മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ് എന്നിവര്‍ക്കെതിരെ ഇഡി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലില്‍ വെച്ച് അസം ഖാനെ ചോദ്യം ചെയ്ത ശേഷമായിരുന്നു നടപടി. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അസം ഖാനെ ഗാസിയാബാദിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags