‘കൈമാറ്റ വിവാഹ സമ്പ്രദായം ’ മനുഷ്യത്വരഹിതം ; വിവാഹമോചന കേസിൽ ചരിത്രവിധിയുമായി രാജസ്ഥാൻ ഹൈക്കോടതി

Those who are not of legal age for marriage but want to live together can live in a live-in relationship: Rajasthan High Court

 ജോധ്പൂർ : രാജസ്ഥാനിൽ നിലനിൽക്കുന്ന പരമ്പരാഗതമായ ‘അട്ട-സാട്ട’ (കൈമാറ്റ വിവാഹം) സമ്പ്രദായത്തെ ശക്തമായി അപലപിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഈ ആചാരം നിയമപരമായും ധാർമികമായും നിലനിൽക്കാത്തതാണെന്നും, മനുഷ്യജീവനുകൾ വെച്ചുള്ള ക്രൂരമായ ബാർട്ടർ സമ്പ്രദായമാണിതെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും ഉൾപ്പെടുത്തി കുടുംബങ്ങൾ തമ്മിൽ പെൺമക്കളെ പരസ്പരം കൈമാറുന്ന ഈ രീതിയെ ‘വിവാഹ ബന്ദിയാക്കൽ’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

ബിക്കാനീർ സ്വദേശിയായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് ജസ്റ്റിസ് അരുൺ മോംഗ, ജസ്റ്റിസ് സുനിൽ ബെനിവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ചരിത്രവിധി പ്രസ്താവിച്ചത്.

2016 മാർച്ചിലാണ് ‘ആട്ട-സാട്ട’ വ്യവസ്ഥപ്രകാരം യുവതിയുടെ വിവാഹം നടക്കുന്നത്. ഇതേ ദിവസം തന്നെ ഈ യുവതിയുടെ സഹോദരനും ഭർത്താവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയും തമ്മിലും വിവാഹം നടന്നിരുന്നു. എന്നാൽ പ്രായപൂർത്തിയായപ്പോൾ ഭർത്താവിന്റെ സഹോദരി ഈ ബാലവിവാഹം നിരസിച്ചു.

ഇതോടെ പ്രതികാരമെന്നോണം യുവതിയെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് 2020ൽ യുവതിയെയും അവരുടെ ചെറിയ മകളെയും ഭർതൃവീട്ടിൽനിന്നും ഇറക്കിവിട്ടു. യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

യുവതി സമർപ്പിച്ച വിവാഹമോചന ഹർജി, ഭർത്താവിന്റെ സഹോദരി വിവാഹം നിരസിച്ചതുകൊണ്ട് കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ കെട്ടിച്ചമച്ചതാണെന്ന് വാദിച്ച് നേരത്തെ കുടുംബകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങൾക്കിടയിൽ, മനഃസമാധാനത്തോടെ ജീവിക്കാൻ തനിക്ക് മുൻകാലങ്ങളിലെയും ഭാവിയിലെയും യാതൊരുവിധ ജീവനാംശവും ഭർത്താവിൽനിന്നും ആവശ്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. 

Tags