അമിത ശബ്ദം അപകടമായി ; കല്യാണവീട്ടിലെ ഡിജെ ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു

hen

സുൽത്താൻപൂർ: ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയിലെ ഡിജെ പാട്ടിന്റെ അമിത ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ കൂട്ടത്തോടെ ചത്തു. സുൽത്താൻപൂർ ജില്ലയിലാണ് സംഭവം. ഫാം ഉടമയായ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർക്കെതിരെ പൊലീസ് കേസെടുത്തു. 

ഏപ്രിൽ 25ന് രാത്രി 9.30ഓടെയാണ് സംഭവം. പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര സാബിറിന്റെ പൗൾട്രി ഫാമിന് സമീപത്തു കൂടി കടന്നുപോയിരുന്നു. ഘോഷയാത്രയിൽ ഡിജെ ഉപയോഗിച്ച് അമിത ശബ്ദത്തിൽ പാട്ട് വെച്ചിരുന്നതായും ഇത് കേട്ട് പരിഭ്രാന്തരായ കോഴികൾ കൂട്ടത്തോടെ ചത്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.

ശബ്ദം കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും വിവാഹ സംഘം തയ്യാറായില്ലെന്ന് സാബിർ അലി ആരോപിക്കുന്നു. ഡിജെയുടെ ഉയർന്ന തീവ്രതയിലുള്ള ശബ്ദം താങ്ങാനാകാതെ കോഴികൾ ഹൃദയസ്തംഭനം മൂലമാണ് ചത്തതെന്ന് ഉടമ പറയുന്നു. ഡിജെ ഓപ്പറേറ്ററായ കവി യാദവിനെതിരെയാണ് കുദ്വാർ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഉയർന്ന ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് മരണത്തിന് വരെ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇത് ഡിജെ ഉടമയിൽ നിന്നോ വിവാഹം നടത്തിയ കുടുംബത്തിൽ നിന്നോ ഈടാക്കി നൽകണമെന്നുമാണ് ഫാം ഉടമയുടെ ആവശ്യം. ഡിജെയുടെ ശബ്ദം അനുവദനീയമായ പരിധി ലംഘിച്ചിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags