അമിതമായ അളവിൽ മെർക്കുറി ; ചർമം വെളുക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം ഏർപ്പെടുത്തി
വെളുത്ത ചർമം ലഭിക്കുമെന്ന മോഹത്തിൽ നാം ഉപയോഗിക്കുന്ന ബ്യൂട്ടി ക്രീമുകൾ വൃക്കരോഗങ്ങളിലേക്ക് നയിക്കുന്നുവെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നു. അമിതമായ അളവിൽ മെർക്കുറി കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നിരോധനം ഏർപ്പെടുത്തി. ‘ഫേസ് ഫ്രഷ് ഗോൾഡ്’, ‘ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം’, പാകിസ്താൻ നിർമിതമായ ‘ഗോറി ബ്യൂട്ടി ക്രീം’ എന്നിവയാണ് നിരോധിക്കപ്പെട്ടവ.
സംരംഭകനായ ചിരാഗ് ഭർജാട്യ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വിവരമാണ് അധികൃതരെ ഈ വിഷയത്തിലേക്ക് എത്തിച്ചത്. നാഗ്പൂരിൽ നിന്നുള്ള 18 സ്ത്രീകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൃക്കസംബന്ധമായ രോഗങ്ങളാൽ ചികിത്സ തേടിയത്. ഇവർ പതിവായി ‘ഗോറി ബ്യൂട്ടി ക്രീം’ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ FDA നടത്തിയ ലബോറട്ടറി പരിശോധനയിൽ ക്രീമിൽ അനുവദനീയമായതിനേക്കാൾ 752 മടങ്ങ് അധികം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു.
ഈ ഉത്പന്നങ്ങൾ പലതും എക്സ്പയറി ഡേറ്റ് പോലുമില്ലാതെയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വിറ്റഴിക്കുന്നത്. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കുന്നത് വൃക്ക, നാഡീവ്യൂഹം, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് സാരമായ തകരാറുകൾ വരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചർമത്തിലെ മെലാനിൻ ഉത്പാദനം തടയാൻ നിയമവിരുദ്ധമായാണ് മെർക്കുറി ചേർക്കുന്നത്. ഇത് ചർമത്തിലൂടെ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും ക്രമേണ വൃക്കകളുടെ പ്രവർത്തനം താറുമാറാക്കുകയും ചെയ്യുന്നു.
സംസ്ഥാനത്ത് ഈ ക്രീമുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. സൗന്ദര്യത്തിന് വേണ്ടിയുള്ള ഈ അമിത താല്പര്യം ആരോഗ്യത്തിന് മാരകമായ ഭീഷണി ഉയർത്തുന്നുവെന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. അംഗീകൃതമല്ലാത്ത ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നത് സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിന് തുല്യമാണെന്ന് തിരിച്ചറിയുക.
.jpg)

