അമിത സൗഹൃദം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും ഒരുപോലെ ഭീഷണി ; മോദിക്കും ട്രംപിനുമെതിരെ രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇരുനേതാക്കളുടെയും അമിത സൗഹൃദം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും ഒരുപോലെ ഭീഷണിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി ഇന്ത്യയെ തകർക്കുമ്പോൾ, ഡൊണാൾഡ് ട്രംപ് ആഗോള ക്രമത്തെയാണ് ഇല്ലാതാക്കുന്നതെന്ന് ഖാർഗെ പരിഹസിച്ചു. "ഒരാൾ സ്വന്തം രാജ്യത്തെ നശിപ്പിക്കുന്നു, മറ്റേയാൾ ലോകത്തെ മുഴുവൻ നാശത്തിലേക്ക് നയിക്കുന്നു. എന്നിട്ടാണ് ഇരുവരും 'എന്റെ നല്ല സുഹൃത്ത്' എന്ന് പരസ്പരം പുകഴ്ത്തി നടക്കുന്നത്," ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഖാർഗെ പറഞ്ഞു.
മോദി-ട്രംപ് കൂട്ടുകെട്ട് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള ഈ അവിശുദ്ധ ബന്ധമില്ലായിരുന്നെങ്കിൽ രാജ്യത്ത് ഇന്ധനവില ഇത്രയധികം വർദ്ധിക്കുമായിരുന്നില്ല. ട്രംപുമായുള്ള വ്യക്തിബന്ധം നിലനിർത്താൻ വേണ്ടി ഇന്ത്യയുടെ പരമ്പരാഗത വിദേശനയങ്ങളെ മോദി പൂർണ്ണമായും കാറ്റിൽപ്പറത്തിയെന്നും ഖാർഗെ വിമർശിച്ചു.
"നെഹ്‌റുവിന്റെ കാലം തൊട്ട് ഇന്ത്യ കാത്തുസൂക്ഷിച്ച ചേരിചേരാ നയമാണ് മോദി സർക്കാർ ഇവിടെ ഇല്ലാതാക്കിയത്. അന്ന് നമ്മൾ പുലർത്തിയിരുന്ന അന്താരാഷ്ട്ര നിഷ്പക്ഷതയാണ് എല്ലാ രാജ്യങ്ങളെയും നമുക്കൊപ്പം നിർത്താൻ സഹായിച്ചിരുന്നത്. എന്നാൽ ട്രംപിനോടുള്ള മോദിയുടെ അമിത വിധേയത്വം വിദേശനയ രംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ്," ഖാർഗെ കൂട്ടിച്ചേർത്തു.
വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുമ്പോൾ, ഇത്തരം സൗഹൃദ പ്രകടനങ്ങളിലൂടെ ജനശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. വിദേശനയത്തിലെ ഈ മാറ്റങ്ങൾ രാജ്യത്തിന്റെ ദീർഘകാല താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
.jpg)

