എല്ലാവര്‍ക്കും എന്റോള്‍ ചെയ്യാം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഉത്തരവ് തിരുത്തി ബാര്‍ കൗണ്‍സില്‍
ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥി ആവേണ്ടെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടിന് പിന്നാലെ ആണ് എന്റോള്‍മെന്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് വന്നത്.
ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് തിരുത്തി ബാര്‍ കൗണ്‍സില്‍. എന്റോള്‍മെന്റ് തടഞ്ഞ ഉത്തരവാണ് പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്തിയത്. ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥി ആവേണ്ടെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടിന് പിന്നാലെ ആണ് എന്റോള്‍മെന്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് വന്നത്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും എന്റോ ചെയ്യാമെന്ന് ബാര്‍ കൗണ്‍സില്‍ പുതിയ ഉത്തരവില്‍ വ്യക്തമാക്കി.
ബിരുദദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ 2026 ബാച്ചിലെ 450-ലധികം വിദ്യാര്‍ത്ഥികളാണ് നിവേദനം നല്‍കിയത്. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പ്രൊഫസര്‍മാര്‍ക്കുമാണ് ഒപ്പുവെച്ച കത്ത് കൈമാറിയത്. തങ്ങളുടെ ആശങ്കകളാണ് സര്‍വകലാശാലയെ അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ജൂലൈ 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് പ്രധാന കാരണം.
പൊലീസ് അതിക്രമത്തിന്റെ വീഡിയോ തെളിവുകള്‍ കാണാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, 'ഞങ്ങള്‍ക്ക് സമയമില്ല' എന്ന് പറഞ്ഞെന്നും നേരത്തെ രാജ്യത്തെ യുവാക്കളെ പാറ്റകള്‍ എന്ന് വിളിച്ചെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വിമര്‍ശനം. ഇത്തരം നിലപാടുകളുള്ള വ്യക്തിയെ കാമ്പസിലെ ബിരുദദാന ചടങ്ങില്‍ ക്ഷണിക്കുന്നത് സര്‍വകലാശാലാ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാ പദവിക്കെതിരെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ ചില നിലപാടുകളോടാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
.jpg)

