പെട്രോളിലെ എഥനോൾ അളവ്: കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി; കേരളത്തിനും മുന്നറിയിപ്പ്

Ethanol content in petrol: Suresh Gopi questions Karnataka's testing method; warns Kerala too

പാലക്കാട്: പെട്രോളിൽ നിശ്ചിത അളവിലും കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ഇ20 (E20) ഇന്ധനത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾ തള്ളിയ അദ്ദേഹം, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ടു.

കർണാടകയിലെ റിപ്പോർട്ടുകളിൽ പറയുന്ന 27 മുതൽ 28 ശതമാനം വരെയുള്ള എഥനോൾ അളവ് 'അസ്വീകാര്യ'മാണെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കുള്ള സാമ്പിളുകൾ റിഫൈനറികളിൽ നിന്ന് നേരിട്ട് ശേഖരിച്ചതാണോ എന്ന് അദ്ദേഹം ചോദിച്ചു. ഗതാഗതത്തിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ ഭൂഗർഭ ടാങ്കുകളിലെ സംഭരണത്തിലും ഉൾപ്പെടെ പല ഘട്ടങ്ങളിലൂടെ കടന്നാണ് ഇന്ധനം ഉപയോക്താവിലെത്തുന്നത്. ഔട്ട്ലെറ്റുകളിൽ ക്യാമറ സ്ഥാപിക്കുകയോ സൗകര്യങ്ങൾ സീൽ ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ മറ്റ് ഇടപെടലുകൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങളും നയങ്ങളും പാലിക്കേണ്ടത് എണ്ണക്കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും ഇതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പരിസ്ഥിതി പ്രതിബദ്ധതകൾ നിറവേറ്റി ശുദ്ധ ഊർജത്തിലേക്ക് മാറേണ്ടത് രാജ്യത്തിന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തമാണ്. പരാഗ്വെ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ എഥനോൾ ബ്ലെൻഡിങ് ഇതിലും ഉയർന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ശാസ്ത്രീയ വിലയിരുത്തലുകൾക്ക് ശേഷം ഭാവിയിൽ ഇന്ത്യയിലെ ബ്ലെൻഡിങ് 30 അല്ലെങ്കിൽ 40 ശതമാനമായി ഉയർത്തിയേക്കാമെന്നും വ്യക്തമാക്കി. ഇ20 പെട്രോൾ ഉപയോഗിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പെട്രോൾ സാമ്പിളുകൾ പരിശോധിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കവെ, പരിശോധന നടത്താൻ സംസ്ഥാനത്തിന് എല്ലാ അവകാശവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷം കോടതിയിൽ കാണാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച 63 സാമ്പിളുകളിൽ പലതും ഇ20 പരിധി കവിഞ്ഞെന്നും ഉയർന്ന അളവ് 31.2 ശതമാനമായിരുന്നുവെന്നുമാണ് കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് അവകാശപ്പെട്ടിരുന്നത്. എന്നാൽ എണ്ണ വിപണന കമ്പനികൾ ഈ കണ്ടെത്തലുകളെ തള്ളിയിരുന്നു. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി ശേഖരിച്ച 893 സാമ്പിളുകളിൽ എഥനോൾ അളവ് 19-നും 21-നും ഇടയിലാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. അതിനിടെ, കേരളത്തിലും നാല് ജില്ലകളിൽ പെട്രോൾ സാമ്പിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. താരതമ്യ പരിശോധനയ്ക്ക് ആവശ്യമായ ശുദ്ധ പെട്രോൾ സാമ്പിളുകൾക്കായി കേരളത്തിലെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി നടത്തിയ അഭ്യർഥനകൾ പൊതുമേഖലാ എണ്ണക്കമ്പനികൾ പലതവണ നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags